ഇസ്രയേല്‍–ഹിസ്ബുല്ല യുദ്ധം കനത്തത്തോടെ കരുതലോടെ വിദേശരാജ്യങ്ങള്‍. പൗരന്മാരോട് ലെബനനില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ പല രാജ്യങ്ങളും നിര്‍ദേശിച്ചു. ലെബനനിലുള്ള ഓസ്ട്രേലിയന്‍ പൗരന്‍മാരെ ശനിയാഴ്ച മുതല്‍ ഒഴിപ്പിച്ചു തുടങ്ങും. ഇതിനായി സ്വകാര്യവിമാനക്കമ്പനിയുടെ വിമാനങ്ങളില്‍ 500 സീറ്റുകള്‍ ബുക്ക് ചെയ്തതായി ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ് അറിയിച്ചു.
1700 ഓസ്ട്രേലിയക്കാര്‍ ഇപ്പോള്‍ ലെബനനില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും ഇതില്‍പ്പെടും. ഇവരെ എല്ലാം ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ബെയ്റൂട്ടില്‍ നിന്ന് സൈപ്രസിലേക്കാണ് വിമാനങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഇവിടെ നിന്ന് ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകും. ലെബനനില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്ന എല്ലാ ഓസ്ട്രേലിയക്കാരും ഈ അവസരം ഉപയോഗിക്കണമെന്നും പെന്നി വോങ് അഭ്യര്‍ഥിച്ചു. Read More: സെന്‍ട്രല്‍ ബെയ്റൂട്ടില്‍ ബോംബിട്ട് ഇസ്രയേല്‍
ഓസ്ട്രേലിയയ്ക്ക് പുറമെ ബെല്‍ജിയം, കാനഡ, ഫ്രാന്‍സ്, ജര്‍മനി,സൈപ്രസ്, ഇറ്റലി, ഗ്രീസ്, നെതര്‍ലന്‍ഡ്സ്, പോളണ്ട്, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും പൗരന്‍മാരോട് സുരക്ഷിതമായി എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്നും അടിയന്തര സാഹചര്യമുണ്ടാകുന്ന പക്ഷം എംബസിയുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് കഴിഞ്ഞമാസം 25നുതന്നെ ബെയ്റൂട്ട് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഏതെങ്കിലും കാരണവശാല്‍ ലെബനനില്‍ തുടരേണ്ടിവരുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും എംബസിയുമായി നിരന്തരം ബന്ധം പുലര്‍ത്തണമെന്നും നിര്‍ദേശിച്ചിരുന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യക്കാര്‍ ലെബനനിലേക്ക് പോകരുതെന്ന് ഇതേ കുറിപ്പില്‍ എംബസി നിര്‍ദേശിച്ചിരുന്നു. ലെബനനിലെ സ്ഥിതിയെക്കുറിച്ച് ഒരുമാസത്തോളമായി വിദേശകാര്യമന്ത്രാലയം കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷം വര്‍ധിച്ചതോടെ ഇറാനിലേക്കുള്ള യാത്രയും ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെ നിര്‍ദേശിച്ചിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യക്കാര്‍ അതീവജാഗ്രത പാലിക്കണം. ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം നിലനിര്‍ത്തണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.