Image Credit : Twitter

TOPICS COVERED

ബസുകളുടെ യാത്രാവിവരങ്ങൾ തൽസമയം അറിയാൻ സംവിധാനമൊരുക്കി ദുബായ് ആർടിഎ. അമേരിക്കൻ കമ്പനിയുമായി ചേർന്നാണ് ആർടിഎയുടെ പദ്ധതി. ഇതോടെ ബസുകളുടെ സമയക്രമവും ഗതാഗതക്കുരുക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ യാത്രക്കാർക്ക് മൊബൈൽ ആപ്പ് വഴി അറിയാനാവും .

ആർടിഎയുടെ പൊതുഗതാഗത സംവിധാനങ്ങളുടെ തൽസമയവിവരങ്ങൾ യാത്രക്കാരെ അറിയിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. അമേരിക്കൻ കമ്പനിയായ സ്വിഫ്റ്റിലിയുമായി ചേർന്നു പ്രവർത്തിക്കാനാണ് ധാരണ. ബസുകളുടെ സമയക്രമം   ആർടിഎയുടെ സെഹെയിൽ ആപ്പ് ഉൾപ്പെടെയുള്ള വിവിധ സ്മാർട് ആപ്പിലൂടെ അറിയാൻ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. ബസുകൾ എവിടെയാണെന്നും   എത്ര വൈകിയാണ് ഓടുന്നതെന്നും ഏത് സമയത്ത് എത്തുമെന്നും ഗതാഗത കുരുക്ക് എത്രമാത്രമുണ്ടെന്നും ഏതെങ്കിലും സർവീസുകൾ മുടങ്ങിയിട്ടുണ്ടോയെന്നുമെല്ലാം ഇതിലൂടെ അറിയാം.  

പൊതുജനങ്ങൾക്ക് സമയം പാഴാക്കാതെ യാത്രകൾ ക്രമീകരിക്കാൻ ഇത് സൗകര്യമൊരുക്കും. ആപ്പിലൂടെ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതോടെ ഏറെനേരത്തെ കാത്തിരിപ്പ് ഒഴിവാക്കാനും ബസ് സ്റ്റോപ്പിൽ സമയത്തിന് എത്താനുമൊക്കെ കഴിയും.  കൃത്യമായ വിവരങ്ങൾ അതിവേഗം ലഭ്യമാക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നതെന്ന് ആർടിഎയുടെ പൊതുഗതാഗത ഏജൻസിയുടെ സിഇഒ അഹമ്മദ് ബഹ് റോസിയാൻ  പറഞ്ഞു. പങ്കാളിത്തം ഫലം കണ്ടുതുടങ്ങിയെന്നും എസ്റ്റിമേറ്റഡ് എറൈവൽ ടൈമിൽ 24 ശതമാനം പുരോഗവതി കൈവരിക്കാനായെന്നും സ്വിഫ്റ്റിലി സിഇഓ ജൊനാതൻ സിംകിനും അറിയിച്ചു.  യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ ഒരുക്കാൻ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇരുകൂട്ടരും അറിയിച്ചു.

ENGLISH SUMMARY:

dubais-rta-boosts-real-time-passenger-information-system