biden-israel

ഇറാന്‍ ഇസ്രയേല്‍ വിഷയത്തില്‍ കരുതലോടെ പ്രതികരിച്ച് അമേരിക്ക.  ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ശ്രമിച്ചാല്‍  ഇസ്രയേലിനെ പിന്തുണക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം ഇറാനു മേല്‍ കൂടുതല്‍ ഉപരോധം നടത്താനുള്ള ശ്രമങ്ങള്‍ക്കും അമേരിക്ക തുടക്കമിട്ടു. ഇറാനുമേലുള്ള ഇസ്രയേലിന്റെ പ്രതികാര നടപടിയെ പിന്തുണക്കുമോ എന്ന ചോദ്യത്തിനായിരുന്നു യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്റെ മറുപടി. 

200ഓളം ബാലിസ്റ്റിക് മിസൈലുകള്‍ വര്‍ഷിച്ച ഇറാന് കനത്ത തിരിച്ചടി തന്റെ രാജ്യം നല്‍കുമെന്ന ഉന്നത ഇസ്രയേലി നയതന്ത്രജ്ഞന്റെ യുഎന്നിലെ മുന്നറിയിപ്പിനു പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. പശ്ചിമേഷ്യയിലെ ഏത് മേഖലയിലും എത്തിപ്പെടാന്‍ ഇസ്രയേലിനു സാധിക്കുമെന്ന് ലഫ്റ്റനന്റ് ജനറല്‍ ഹെന്‍സി ഹലേവിയും കൂട്ടിച്ചേര്‍ത്തു. അത് ഇസ്രയേല്‍ വിരുദ്ധര്‍ക്ക് അധികം വൈകാതെ മനസിലാകുമെന്നും ഹെന്‍സി അവകാശപ്പെട്ടതിനു പിന്നാലെയായിരുന്നു അമേരിക്ക നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുമായുള്ള സംഭാഷണത്തിനു ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇന്നലെ ഉച്ചകഴിഞ്ഞ് ചര്‍ച്ചനടത്തിയതായും റിപ്പോര്‍ട്ടുണ്ട്. 

ഇസ്രയേലിന്റെ കൈവിട്ടുള്ള നീക്കങ്ങളെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയ ബൈഡന്‍ ഇറാനുമേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും സജീവമാക്കി. പുതിയ ഉപരോധത്തെക്കുറിച്ച് കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ടെലിഫോണിൽ സംസാരിച്ചതിനു ശേഷം ബൈഡന്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. 

അടുത്ത തിരിച്ചടി എങ്ങനെ ആയിരിക്കണമെന്നത് സംബന്ധിച്ച് ഇസ്രയേൽ  വിവിധ സാധ്യതകൾ പരിഗണിക്കുന്നതിനിടെയാണ് ബൈഡൻ തന്റെ നിലപാട് വ്യക്തമാക്കിയത്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറാന്റെ ആക്രമണത്തിന് മറുപടി നൽകണമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ ജി7 നേതാക്കൾ അപലപിച്ചു. ഇസ്രയേലിനും  ജനങ്ങൾക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും ബൈഡൻ ആവർത്തിച്ചതായും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 46 പേർ കൊല്ലപ്പെടുകയും 85ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി  ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാകുന്നു.

The United States has made it clear that it will not support Israel if it tries to attack Iran's nuclear facilities:

America reacted cautiously to the Iran-Israel issue. The United States has made it clear that it will not support Israel if it tries to attack Iran's nuclear facilities. At the same time, the United States also started efforts to impose more sanctions on Iran.