ഇസ്രയേലിലേക്ക് ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ ഇസ്രയേല്‍ ഇന്‍റലിജന്‍സ് സര്‍വീസായ മൊസാദിനെയും ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്. ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ മൊസാദ് ആസ്ഥാനത്തിന് തൊട്ട് മുന്‍പില്‍ പതിച്ചു. ഈ ഭാഗത്ത് 50 അടി വീതിയിലുള്ള ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഇറാന്‍ മിസൈലുകളില്‍ ഭൂരിഭാഗവും വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു എന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും പല മിസൈലുകളും വിവിധയിടങ്ങളില്‍ നാശമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
Also Read: ഇസ്രയേൽ നേരിട്ടത് ഏറ്റവും വലിയ ആക്രമണം; ഫത്താഹ് മിസൈലുകളുടെ ആദ്യ ദൗത്യം; ഇറാൻ ആക്രമണം ഇങ്ങനെ
നെവാറ്റിം എയർ ബേസ്, നെറ്റ്സാരിം മിലിട്ടറി ഫെസിലിറ്റി, ടെൽ നോഫ് ഇന്‍റലിജന്‍സ് യൂണിറ്റ് എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് ഇറാനിയൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് മേധാവി മുഹമ്മദ് ബഗേരി പറഞ്ഞു. ഇസ്രയേലിന്‍റെ എഫ്-35 വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സൈനിക കേന്ദ്രമാണ് നെവാറ്റിം എയർ ബേസ്. മൊസാദിനെ ലക്ഷ്യംവച്ചുള്ള ആക്രമണത്തെ ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച വിഡിയോകള്‍ പ്രചരിക്കുന്നുണ്ട്.
അമേരിക്കന്‍ മാധ്യമമായ പിബിഎസ് ന്യൂസ് വിദേശകാര്യ ലേഖകന്‍ നിക്ക് ഷിഫ്രിൻ എക്സില്‍ പോസ്റ്റ് ചെയ്ത വിഡിയോ പ്രകാരം, മിസൈല്‍ ആക്രമണത്തിന് ശേഷം മൊസാദ് ആസ്ഥാനത്തിന് സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. പാര്‍ക്കിങ് സ്ഥലത്തിന് സമീപത്തായി 30 അടി താഴ്ചയില്‍ 50 അടി വീതിയുള്ളതാണ് ഗര്‍ത്തം. വിഡിയോയില്‍ അദ്ദേഹത്തിന് പിന്നിലായി മൊസാദ് ആസ്ഥാനവും കാണാം.
ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിന് ഇറാന്‍ ഉപയോഗിച്ചത് ഹൈപ്പർ സോണിക് ഫത്താഹ് മിസൈലുകളാണ്. ആദ്യമായാണ് ഇറാൻ ഫത്താഹ് മിസൈലുകളെ ഉപയോഗിക്കുന്നത്. 90 ശതമാനത്തോളം മിസൈലുകളും ലക്ഷ്യസ്ഥാനത്തെത്തി എന്നാണ് ഇറാൻ സൈന്യത്തിന്റെ അവകാശവാദം. തെക്കൻ ഇസ്രയേലിൽ നേരിയ നാശനഷ്ടമുണ്ടാക്കി എന്ന് ഇസ്രയേൽ വ്യക്തമാക്കുന്നു. ഗെദേര നഗരത്തിൽ സ്കൂളിന് കേട്പാട് പറ്റിയ വിഡിയോ ഇസ്രയേൽ സൈന്യം പുറത്തുവിട്ടു.
ഭൂരിഭാഗം ഇറാന്‍ മിസൈലുകളെയും അന്തരീക്ഷത്തിൽ വച്ചു തന്നെ തടയാൻ സാധിച്ചു എന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം അമേരിക്കയുടെ സഹായത്തോടെയായിരുന്നു ചൊവ്വാഴ്ച മിസൈലുകളെ പ്രതിരോധിച്ചത്.