ഹമാസ്– ഇസ്രയേല്‍ മധ്യസ്ഥശ്രമങ്ങള്‍ നിര്‍ത്തിയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചര്‍ച്ചകള്‍ തുടരാന്‍ ഇരുവിഭാഗവും സന്നദ്ധരാകുമ്പോള്‍ മധ്യസ്ഥശ്രമം തുടരുമെന്ന് ഖത്തര്‍ അറിയിച്ചു. ഹമാസിനെ പുറത്താക്കാന്‍ അമേരിക്ക ഖത്തറിനോട് ആവശ്യപ്പെട്ടെന്ന ദോഹയിലെ ഹാമാസിന്‍റെ ഒാഫീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ തള്ളി. ഖത്തര്‍ ഈ വിവരം ഹമാസ് നേതാക്കളെ അറിയിച്ചെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തിരുന്നു. 2012 മുതല്‍ ഖത്തര്‍ ഹമാസ് നേതാക്കള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കിവരുന്നുണ്ട്. തങ്ങളുടെ നേതാക്കളോട് രാജ്യംവിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടില്ലെന്ന് ഹമാസും പ്രതികരിക്കുന്നു.
യുഎസ് സമ്മർദത്തിനു പിന്നാലെ ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായായിരുന്നു റിപ്പോര്‍ട്ടുകള്‍. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുൻപാണ് അഭ്യർഥന നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്നാണ് യുഎസ് ഖത്തറിനെ അറിയിച്ചത്.
ബന്ദികളെ മോചിപ്പിക്കാനുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നിരസിച്ച ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്നാണ് നിലപാടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. മറ്റൊരു ബന്ദി മോചന നിർദ്ദേശം ആഴ്ചകൾക്ക് മുൻപ് ഹമാസ് നിരസിച്ചതിനെ തുടർന്നാണ് തങ്ങൾ ഖത്തറിനോട് നിലപാട് അറിയച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.