ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനിയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ ഖമനിയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്‍റെ മകന്‍ മൊജ്തബ ഖമനിയെ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ഇന്‍റര്‍നാഷണലിനെ ഉദ്ധരിച്ച് ഇസ്രയേല്‍ മാധ്യമമായ യെനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിദഗ്ധ സമിതി ((അസംബ്ലി ഓഫ് എക്സ്പേർട്സ്) യോഗത്തിലാണ് മൊജ്തബ ഖമനിയെ പിന്‍ഗാമിയായി തിരഞ്ഞെടുത്തത്. സഭ ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ആയത്തുല്ല അലി ഖമനയിയുടെ ആറു മക്കളില്‍ രണ്ടാമനാണ് 55കാരനായ മൊജ്തബ.
കഴിഞ്ഞ രണ്ട് വർഷമായി മൊജ്തബ ഖമേനി ഇറാൻ്റെ ഭരണത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയതായി റിപ്പോർട്ടുണ്ട്. പൊതുവേദികളിൽ അപൂർവ്വമായി മാത്രമേ കാണാറുള്ളൂവെങ്കിലും, 2009-ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു.2021 ല്‍ അദ്ദേഹത്തിന് പരമോന്നത നേതാവായി സേവനമനുഷ്ഠിക്കാനുള്ള ആയത്തുള്ള പദവി ലഭിച്ചു.
മൊജ്തബയെ പിൻഗാമിയായി നാമകരണം ചെയ്യാനുള്ള തീരുമാനം ജനപ്രതിഷേധം ഒഴിവാക്കാൻ മനഃപൂർവം രഹസ്യമാക്കി വെച്ചതാണെന്നും ഇറാന്‍ ഇന്‍റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.
ജീവിച്ചിരിക്കുമ്പോൾ തന്നെ മകന് അധികാരം കൈമാറാനും സുഗമമായ പരിവർത്തനം ഉറപ്പാക്കാനും എതിർപ്പുകൾ കുറയ്ക്കാനും ഖമേനി ഉദ്ദേശിക്കുന്നതായി സോഴ്സുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം പിന്‍ഗാമിയെ പ്രഖ്യാപിച്ചതോടെ ഖമനയിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കൂടുതല്‍ ശക്തമായി. ഖമനി അബോധാവസ്ഥയിലാണെന്ന റിപ്പോർട്ടുകളെ ചുറ്റിപ്പറ്റിയാണ് ആശങ്കകൾ.
ശനിയാഴ്ച രാവിലെ, ഖമേനി കോമയിലേക്ക് വീണുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.എന്നാല്‍ ഈ അവകാശവാദങ്ങളെ സ്ഥിരീകരിക്കുന്നതോ നിരസിക്കുന്നതോ ആയ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇറാനിയൻ അധികൃതർ പുറത്തുവിട്ടിട്ടില്ല.