ഗാസയില്‍ ഹമാസിനെതിരായ പോരാട്ടത്തിന് ഇസ്രയേല്‍ സൈന്യത്തിന് ബലമായി ഇന്ത്യന്‍ ബന്ധമുള്ള എഐ ആയുധമെന്ന് റിപ്പോര്‍ട്ട്. മെഷീൻ ഗണ്ണുകളും ആക്രമണ റൈഫിളുകളും കമ്പ്യൂട്ടറൈസ്ഡ് കില്ലിംഗ് മെഷീനുകളാക്കി മാറ്റുന്ന ഒരു ഇന്ത്യൻ പ്രതിരോധ കമ്പനിയുമായി സഹകരിച്ച് നിര്‍മിച്ച ആയുധമാണിത്. ഒക്ടോബര്‍ 7ന് തെക്കന്‍ ഇസ്രയേലിലുണ്ടായ ഹമാസ് ആക്രമണത്തിനു ശേഷമാണ് ആര്‍ബെല്‍ ഉപയോഗിക്കുന്നത്. അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് എന്ന സ്വകാര്യ പ്രതിരോധ കമ്പനിയും ഇസ്രായേല്‍ വെപ്പണ്‍ ഇന്‍ഡസ്ട്രീസും സംയുക്തമായി വികസിപ്പിച്ച സംവിധാനമാണ് ആര്‍ബെല്‍ .
മിഡില്‍ ഈസ്റ്റ് ഐ ആണ് ഇസ്രയേല്‍ സൈന്യത്തിന്റെ ആയുധത്തിലെ ഇന്ത്യന്‍ ബന്ധം റിപ്പോര്‍ട്ട് ചെയ്തത്. എത്ര പ്രതികൂല സാഹചര്യത്തിലും ലക്ഷ്യത്തിലേക്ക് കൃത്യമായി ടാര്‍ഗറ്റ് ചെയ്യാന്‍ ആര്‍ബെല്‍ സഹായിക്കും. ഇസ്രയേല്‍ ആയുധങ്ങളായ ടാവര്‍,കാമല്‍, നിഗേവ് എന്നിവ വളരെ ആയാസരഹിതമായി ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും. ആയുധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ എഐ സാങ്കേതിക വിദ്യയിലൂടെ കൃത്യത ഉറപ്പാക്കുക എന്നതാണ് ആര്‍ബെലിന്റെ ലക്ഷ്യം. ലക്ഷ്യം തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളില്‍ അടുത്തിടെ ഉണ്ടാക്കിയ മാറ്റം മൂലം ആക്രമണതോത് വര്‍ധിച്ചു. പലസ്തീന്‍ പിടിച്ചെടുത്ത് നശിപ്പിച്ച ആര്‍ബെല്‍ എന്ന ജൂത ഗ്രാമത്തിന്റെ പേരാണ് ഈ എഐ സിസ്റ്റത്തിനു നല്‍കിയിരിക്കുന്നത്. ബൈബിളില്‍ പരാമര്‍ശമുള്ള ഗ്രാമമാണിത്.
അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസും ഇസ്രായേല്‍ വെപ്പണ്‍ ഇന്‍ഡസ്ട്രീസും 2022-ലാണ് സംയുക്തമായി ആയുധം വികസിപ്പിച്ചത്. കംപ്യൂട്ടറൈസ്‌ഡ് ആയുധ സംവിധാനമാണ് ആര്‍ബെല്‍. സൈനികരുടെ അതിജീവനം, ലക്ഷ്യം,കൃത്യത, ലളിതമായ ഉപയോഗം എന്നീ കാര്യങ്ങളിലാണ് ആര്‍ബെലിന്റെ ശക്തി തെളിയിക്കപ്പെടുന്നത്. റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ബാറ്ററിയിലാണ് ആര്‍ബെലിന്റെ പ്രവര്‍ത്തനം. ട്രിഗര്‍ സെന്‍സറുകളും കണ്‍ട്രോള്‍ യൂണിറ്റും ആര്‍ബെലിന്റെ ഭാഗമാണ്. ഇസ്രയേലിന്റെ പക്കലുള്ള ഏത് തോക്കുകളിലും ഉപയോഗിക്കാനാവുന്ന ഇവയുടെ പ്രവര്‍ത്തനം മൈക്രോപ്രോസസര്‍ വഴിയാണ്.
ആര്‍ബെലിന്റെ ഉപയോഗത്തിന് സാഹചര്യമോ കാലാവസ്ഥയോ പ്രശ്നമല്ല. യുദ്ധമേഖലയിലെ എഐ ഉപയോഗത്തില്‍ ഏറ്റവും നൂതനമാണ് ആര്‍ബെല്‍. ഇന്ത്യയും ഇതേ സംവിധാനം ഉപയോഗിക്കാനുള്ള ആലോചനയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.