അമരന്‍ സിനിമ റിലീസ് ആയതോടെ സമാധാനം നഷ്ടപ്പെട്ടു വി.വി. വാഗീസന്. അന്നു മുതല്‍ ഫോണിലേക്ക് തുരുതുരാ വിളി, എല്ലാവര്‍ക്കും സായി പല്ലവിയോട് സംസാരിക്കണം. ചിത്രത്തില്‍ നായികയായ സായി പല്ലവി ഉപയോഗിക്കുന്ന നമ്പര്‍ യഥാര്‍ത്ഥത്തില്‍ വാഗീസന്‍ ഉപയോഗിക്കുന്നതാണ്. രാവും പകലുമില്ലാതെ എല്ലാവരോടും മറുപടി പറഞ്ഞ് തലയ്ക്ക് തീപിടിച്ച അവസ്ഥയിലാണ് വാഗീസന്‍.
എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് വി.വി. വാഗീസന്‍. പഠിക്കാനേറെയുണ്ട്, ആളുകള്‍ ഉറങ്ങാന്‍ പോലും സമ്മതിക്കുന്നില്ല, ആധാര്‍ ബാങ്ക് രേഖകളുമായി ഫോണ്‍ ലിങ്ക് ചെയ്തതിനാല്‍ നമ്പര്‍ തോട്ടില്‍ കളയാനും പറ്റാത്ത അവസ്ഥ. മേജര്‍ മുകുന്ദ് വരദരാജന്റെ സിനിമയുടെ പേരില്‍ തനിക്ക് നഷ്ടപ്പെട്ട സ്വൈര്യത്തിന് 1.1കോടി രൂപയാണ് വാഗീസന്‍ നഷ്ടപരിഹാരമായി സിനിമാ നിര്‍മാതാവിനോട് ചോദിച്ചത്. ഇതാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ചു.
ഈ നമ്പറില്‍ വിളിച്ചാല്‍ സായി പല്ലവി വിളികേള്‍ക്കില്ലാന്ന് ഈ ഒരു വക്കീല്‍ നോട്ടീസോടെയെങ്കിലും ആളുകള്‍ മനസിലാക്കട്ടേയെന്നാണ് വാഗീസന്‍ ചിന്തിച്ചത്. ഒക്ടോബര്‍ 31നാണ് അമരന്‍ റീലീസ് ആയത്. കുടുംബവുമൊത്ത് ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് വാഗീസന് ആദ്യമായി സായി പല്ലവിയെ ചോദിച്ച് വിളി വന്നത്. പിന്നാലെ കോള്‍ പരമ്പര.അവസാനം ഫോണ്‍ റിങ് കേള്‍ക്കാതിരിക്കാന്‍ മ്യൂട്ട് ആക്കിവച്ചു. കാര്യമന്വേഷിച്ചപ്പോഴാണ് നായിക ഉപയോഗിച്ചത് തന്റെ നമ്പറാണെന്ന് വാഗീസന്‍ തിരിച്ചറിഞ്ഞത്.
ചിലര്‍ക്ക് സായി പല്ലവിയോട് സംസാരിക്കണം, മറ്റു ചിലര്‍ക്ക് മുകുന്ദിന്റെ യഥാര്‍ഥ ഭാര്യയായ ഇന്ദു റബേക്ക വര്‍ഗീസിനോട് സംസാരിക്കണം. കോളെടുക്കാതായതോടെ പിന്നെ ഓഡിയോ മെസേജുകളുടെ പ്രളയം. ഒരു കാബ് ബുക്ക് ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ഫോണ്‍ ആക്ടീവായി മാറിയെന്നാണ് വാഗീസന്‍ പറയുന്നത്. സംവിധായകന്‍ രാജ്‌കുമാര്‍ പെരിയസാമിയേയും ശിവകാര്‍ത്തികേയനേയും ടാഗ് ചെയ്ത് സോഷ്യല്‍മീഡിയയിലൂടെ സംഭവം അറിയിച്ചെങ്കിലും പ്രതികരണമില്ലാതെ വന്നതോടെയാണ് നിയമപരമായി നീങ്ങിയത്.