റിയാദ് ഡേറ്റ് ഫെസ്റ്റിവലില്‍ ഈന്തപ്പഴത്തിൽ നിന്നുണ്ടാക്കുന്ന കോള അവതരിപ്പിച്ച് സൗദി അറേബ്യ. ’മിലാഫ് കോള’ എന്നാണ് ഉത്പന്നത്തിന് നല്‍കിയിരിക്കുന്ന പേര്. ഈ ഡ്രിങ്കില്‍ ഈന്തപ്പഴത്തിന്റെ ഗുണങ്ങളെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും പഞ്ചസാര ഉപയോഗിച്ചിട്ടില്ലെന്നുമാണ് ഉത്പാദകര്‍ വ്യക്തമാക്കുന്നത്.
സൗദി അറേബ്യ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ സബ്സിഡിയറിയായ തുറാത്ത് അൽ മദീനയാണ് ’മിലാഫ് കോള’ പുറത്തിറക്കിയത്. കമ്പനി സിഇഒ ബാന്ദർ അൽ ഖഹ്താനി, സൗദി കാര്‍ഷിക മന്ത്രി അബ്ദുൽറഹ്മാൻ അൽ ഫദ്ലി എന്നിവര്‍ ചേർന്നാണ് കോള പുറത്തിറക്കിയത്.
മിലാഫ് കോളയുടെ നിര്‍മ്മാണം ഏറ്റവും ഗുണമേന്മയുള്ള ഈന്തപ്പഴം ഉപയോഗിച്ചാണെന്നാണ് കമ്പനിയുടെ അവകാശവാദം. ധാതു ലവണങ്ങളാലും നാരുകളാലും സമ്പന്നമായ ഈന്തപ്പഴത്തിന്‍റെ ഗുണങ്ങൾ മിലാഫ് കോളയിലൂടെ ലഭ്യമാകുമെന്നും അവര്‍ പറയുന്നു.
പരിസ്ഥിതി സൗഹാർദപരമായി, അന്താരാഷ്ട്ര ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡുകൾ അനുസരിച്ചാണ് കോള വിപണിയിലെത്തിക്കുന്നത്.
ഫെസ്റ്റിവലിൽ പങ്കെടുത്തവരിൽ നിന്ന് നല്ല പ്രതികരണമാണ് ഇല്‍പ്പന്നത്തിന് ലഭിച്ചത്. റിഫ്രഷിങ് ടേസ്റ്റാണെന്നും, പ്രകൃതി ദത്തമായ മധുരം ഫീല്‍ ചെയ്യുന്നുണ്ടെന്നുമുള്ള പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. സൗദിയുടെ ഈ പരീക്ഷണം കൊക്ക കോള, പെപ്സി അടക്കമുള്ള വമ്പൻ കമ്പനികള്‍ക്ക് വെല്ലുവിളിയാകുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.