സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹിമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഖണ്ഡിച്ച് സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധിപറയാൻ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തിയതി ഉടൻ ലഭിക്കുമെന്നും റിയാദ് നിയമ സഹായ സമിതി അറിയിച്ചു.
സൗദി ബാലൻ അനസ് അൽ ശാഹിരി മരിച്ച കേസിൽ റഹിമിന്റെ കുറ്റസമ്മത മൊഴി, റഹിമിനെതിരെ രണ്ടാം പ്രതി നസീർ നൽകിയ മൊഴി, അന്വേഷണ ഉദ്യോഗസ്ഥരുടെ സാക്ഷി മൊഴി, ഫോറൻസിക് പരിശോധന, മെഡിക്കൽ റിപ്പോർട്ട്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്നിവയാണ് കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ സമർപ്പിച്ചത്. ഇത് വിശദമായി പഠിച്ചശേഷമാണ് റിയാദ് ക്രിമിനൽ കോടതി കേസ് വീണ്ടും പരിഗണിച്ചത്. പ്രോസിക്യൂഷൻറെ വാദങ്ങളെ ഖണ്ഡിച്ച് റഹിമിന്റെ അഭിഭാഷകൻ സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിച്ചു.
റഹിമും മരിച്ച സൗദി ബാലനും തമ്മിൽ മുൻവൈരാഗ്യമില്ല. കയ്യബദ്ധമാണ് മരണത്തിന് ഇടയാക്കിയത്. കേസിൽ 18 വർഷത്തെ ജയിൽ ശിക്ഷ റഹിം അനുഭവിച്ചുകഴിഞ്ഞെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. അടുത്ത സിറ്റിങ്ങിൽ അനുകൂലവിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ലീഗൽ കോർഡിനേറ്റർ ഒസാമ അൽ അംബർ അറിയിച്ചു.
2016 ലാണ് സൗദിയിൽ ഡ്രൈവറായി ജോലിക്കെത്തിയ അബ്ദുള്‍ റഹിം കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ ആകുന്നത്. ഒട്ടേറെ നിയമനടപടികൾക്കൊടുവിൽ 34 കോടി രൂപം ദിയാധനം കൈപ്പറ്റി മരിച്ച സൗദി ബാലന്റെ കുടുംബം മാപ്പ് നൽകിയതോടെ ജൂലൈയില്‍ രണ്ടിന് വധശിക്ഷ റദ്ദാക്കുകയായിരുന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള നിയമനടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് മൂന്നാംതവണയാണ് റഹിമിന്റെ മോചന ഹർജി കോടതി മാറ്റിവയ്ക്കുന്നത്. വധശിക്ഷയ്ക്ക് വിധിച്ച ബെഞ്ച് തന്നെ മോചന ഹർജിയിൽ വിധി പറയണമെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യം കേസ് മാറ്റിവച്ചത്. പിന്നീട് ഇരുവിഭാഗങ്ങളുടെയും വാദം പഠിക്കാനായി മാറ്റുകയായിരുന്നു.