റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂർ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ജെയിൻ യുദ്ധത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്. ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ബിനിലിന്റെ ബന്ധുക്കൾ പറഞ്ഞു. പ്രതീക്ഷയുടെ എല്ലാ വാതിലുകളും അടഞ്ഞു. യുദ്ധഭൂമിയിൽ ബിനിൽ മരണപ്പെട്ടു. ഒരിക്കൽ പോലും സ്വന്തം മകനെ കാണാതെയാണ് ബിനിലിന്റെ മടക്കം. ഇന്ന് ഉച്ചയ്ക്കായിരുന്നു ഇന്ത്യൻ എംബസി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്.
എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് ജെയിൻ ആശുപത്രി കിടക്കയിലാണ്. ജെയിനിന്റെ ആരോഗ്യ നില ആശ്വാസകരമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. യുദ്ധത്തിനു പോകുന്നതിനു മുൻപ് പലതവണയായി ജൈയിനും ബിനിലും നിസ്സഹായ അവസ്ഥ അറിയിച്ച് വാട്സ് ആപ്പ് സന്ദേശമയച്ചിരുന്നു. മാധ്യമ വാർത്തയെ തുടർന്നാണ് പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയടക്കമുള്ളവർ ഇരുവരുടെയും മോചനത്തിനായി ശ്രമിച്ചിരുന്നു. പക്ഷേ ഫലം കണ്ടില്ല. ബിനിലിന്റെ മൃതശരീരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ആശങ്ക തുടരുകയാണ്.
മെച്ചപ്പെട്ട ജോലിക്കു വേണ്ടിയുള്ള അന്വേഷണത്തിനിടയിൽ ചതിയിൽപെടുകയായിരുന്നു ഇരുവരും. അകന്ന ബന്ധു വഴിയാണ് കഴിഞ്ഞ ഏപ്രിൽ 4ന് രണ്ടുപേരും റഷ്യയിൽ എത്തിയത്. പോളണ്ടിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാക്കളെ യാത്രയ്ക്ക് സന്നദ്ധരാക്കിയത്. വീസയുടെ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലായപ്പോഴാണ് ജോലി റഷ്യയിലാണെന്ന് ഇരുവരും അറിയുന്നത്.
കൂലിപ്പട്ടാളത്തിൽ പരിശീലനത്തിനാണ് ആദ്യം നിയോഗിച്ചത്. പിന്നീട് യുദ്ധഭൂമിയിൽ ഭക്ഷണം എത്തിക്കലും ട്രഞ്ച് നിർമിക്കലുമായി ജോലി. യുദ്ധഭൂമിയിലേക്കു നേരിട്ട് നിയോഗിക്കലാണ് അടുത്തഘട്ടമെന്നാണു കഴിഞ്ഞ ദിവസം ജെയ്ൻ പറഞ്ഞത്. തുടർന്ന് വിളിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും അറിയിച്ചു. ബിനിൽ നാല് മാസം പ്രായമുള്ള മകനെ കണ്ടിട്ടില്ല. കൊച്ചിയിൽ മെക്കാനിക്കായാണു ജെയ്ൻ ജോലി ചെയ്തിരുന്നത്. ബിനിൽ ഇലക്ട്രീഷ്യനാണ്. ഒമാനിൽ ആയിരുന്നു ജോലി. ശമ്പളം മുടങ്ങാൻ തുടങ്ങിയതോടെ 4 മാസം മുൻപ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. 2 പേരെയും ഇലക്ട്രീഷ്യൻ ജോലിക്കെന്നു ധരിപ്പിച്ചാണ് റഷ്യയിൽ എത്തിച്ചത്.