വത്തിക്കാനിലെത്തി ഫ്രാൻസീസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് പലസ്തീൻ പ്രസിഡന്‍റ് മഹ്‌മൂദ് അബ്ബാസ്. വ്യാഴാഴ്ച ആയിരുന്നു മുപ്പതു മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ച. ഗാസയിലെ എത്രയും വേഗം വെടിനിര്‍ത്തൽ ഉണ്ടാകേണ്ടതിൻറെയും, എല്ലാ ബന്ദികളും മോചിപ്പിക്കപ്പെടേണ്ടതിൻറെയും ആവശ്യകത ഇരുവരും കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി.
വത്തിക്കാനും പലസ്തീനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, കത്തോലിക്ക സഭ പലസ്തീൻ സമൂഹത്തിനേകുന്ന സംഭാവനകൾ, ഗാസയിലെ ഗുരുതരമായ സാഹചര്യം അവിടേക്കെത്തിക്കേണ്ട സഹായങ്ങള്‍ എന്നിവ ചര്‍ച്ചാവിഷയമായി. എല്ലാത്തരം ഭീകരതയെയും ആവർത്തിച്ച് അപലപിക്കപ്പെടേണ്ടതാണ്. നയതന്ത്ര ഇടപെടലും ചര്‍ച്ചയുമാണ് ഇസ്രയേല്‍ പലസ്തീന്‍ പ്രശ്നപരിഹാരത്തിനള്ള മാര്‍ഗം. ജറുസലേം, ഏകദൈവ വിശ്വാസം പുലർത്തുന്ന മൂന്നു മതങ്ങളുടെ സൗഹൃദത്തിന് വേദിയായിരിക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു.
Also Read; ‘ദയാനിധിയായ പ്രസിഡന്‍റ്’;1500 പേർക്ക് ഒരുമിച്ച് മാപ്പുനൽകി ജോ ബൈഡൻ
വത്തിക്കാൻ കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, വത്തിക്കാന്‍ വിദേശകാര്യാലയത്തിന്‍റെ തലവന്‍ ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെര്‍ എന്നിവരുമയും പ്രസിഡൻറ് അബ്ബാസ് സംഭാഷണം നടത്തി. സമാധാനം കാംഷിക്കുന്ന വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടകർ വീണ്ടും എത്തിച്ചേരുന്നതിന് 2025-ലെ ജൂബിലി വർഷം ഇടയാക്കുമെന്ന പ്രത്യാശയും പ്രസിഡൻറ് അബ്ബാസും കർദ്ദിനാൾ പരോളിനും ആർച്ചുബിഷപ്പ് ഗാല്ലഗെറും പങ്കുവെച്ചു.
അതിനിടെ ഗാസയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ചയുണ്ടായ ഇസ്രയേൽ ബോംബാക്രമണത്തിൽ 35 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസാ സിറ്റി, നുസെയ്റത്ത്, റഫയുടെ പടിഞ്ഞാറുഭാഗം, ഖാൻ യൂനിസ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. അതേസമയം ബുധനാഴ്ച ഐക്യരാഷ്ട്രപൊതുസഭയിൽ ഇസ്രയേൽ-പലസ്തീൻ വെടിനിർത്തലിനായി പ്രമേയം പാസാക്കി. ഇന്ത്യയുൾപ്പെടെ 158 രാജ്യങ്ങൾ അനുകൂലിച്ചു. യു.എസും ഇസ്രേയലും ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ വെടിനിർത്തലിനെതിരായി വോട്ടുചെയ്തു.