തുര്‍ക്കിയില്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബലികെസിര്‍ പ്രവിശ്യയിലെ കവാക്ലിയിലാണ് ദുരന്തം. വെടിക്കോപ്പുകള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ആഭ്യന്തരമന്ത്രി അലി യെര്‍ലികയ പറഞ്ഞു. അട്ടിമറി സാധ്യത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനകാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. പ്രദേശത്ത് സൈനികര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
ഫാക്ടറി നിന്ന സ്ഥലത്ത് വലിയ തീഗോളം ഉയരുന്നതിന്‍റെയും സമീപപ്രദേശമാകെ പുക നിറയുന്നതിന്‍റെയും ദൃശ്യങ്ങള്‍ പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം. ചെയ്തു. സ്ഫോടനത്തില്‍ കെട്ടിടമാകെ നശിച്ചു. ഉരുകിപ്പോയ ലോഹചട്ടക്കൂടും കോണ്‍ക്രീറ്റും മാത്രമാണ് ബാക്കിയുള്ളത്. തീയണക്കാനുള്ള സംവിധാനങ്ങള്‍ അതിവേഗം എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പരുക്കേറ്റവരുടെ നില ഗുരുതരമാണ്.