വയനാട് മീനങ്ങാടിയില്‍ കിണര്‍ ജോലിക്കിടെ ആദിവാസി യുവാവ് മരണപ്പെട്ടതില്‍ ദുരൂഹതയെന്ന് കുടുംബം. മരണത്തില്‍ സംശയം തോന്നി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നല്‍കിയില്ലെന്നും കുടുംബം ആരോപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് മീനങ്ങാടി കനാല്‍ റോഡില്‍ വെച്ച് കിണര്‍ പണിക്കിടെ പുല്‍പള്ളി താഴേക്കാപ്പ് ഊരിലെ രാജന്‍ മരണപ്പെട്ടത്. മണ്ണ് സംരക്ഷണവകുപ്പ് കൃഷി ആവശ്യത്തിനായി നിര്‍മിക്കുന്ന കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അകപ്പെടുകയായിരുന്നുവെന്നാണ് കുടുംബത്തെ അറിയിച്ചത്. എന്നാല്‍ അപകടത്തിനു ശേഷം രാജുവിന്‍റെ ശരീരത്തില്‍ മണ്ണോ മുറിവോ ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ട് നല്‍കിയില്ലെന്നും സഹോദരന്‍ സുധി മനോരമ ന്യൂസിനോട് പറഞ്ഞു.
ചെറിയ കിണറെന്ന് പറഞ്ഞാണ് പാക്കത്തെ കരാറുകാരന്‍ രാജനെ ജോലിക്കു കൊണ്ടുപോയതെന്നും മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും കുടുംബം അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു രാജന്‍. ടാര്‍പായ വലിച്ചു കെട്ടിയ കൂരയിലാണ് പത്തിലധികം പേരടങ്ങുന്ന കുടുംബം കഴിയുന്നത്. രാജന്‍റെ മരണത്തോടെ കുടുംബം പട്ടിണിയിലാകുമെന്ന സ്ഥിതിയായി. വിഷയത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ആദിവാസി കോണ്‍ഗ്രസ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഉത്തരവാദികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടു. വിഷയത്തില്‍ കുടുംബവും ഇന്ന് പൊലീസില്‍ പരാതി നല്‍കും. വിശദമായ അന്വേഷണമാണ് ആവശ്യം.