ലെബനനിലെ സായുധഗ്രൂപ്പായ ഹിസ്ബുല്ലയുടെ രഹസ്യങ്ങളിലേക്ക് കടന്നുചെല്ലാന്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ഉപയോഗിച്ചത് നേതാക്കളുടെ സ്വകാര്യജീവിതത്തിലെ ദൗര്‍ബല്യങ്ങളെന്ന് വെളിപ്പെടുത്തല്‍. ഹിസ്ബുല്ല സ്ഥാപകനേതാക്കളില്‍ ഒരാളായ ഫുഅദ് ശുക്‌റിന് നാല് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇത് ഒരുഘട്ടത്തില്‍ കുറ്റബോധമായി മാറി. ഒടുവില്‍ ഇവരെ നാലുപേരെയും വിവാഹം കഴിക്കാന്‍ ഫുഅദ് തീരുമാനിച്ചു. മതപരമായി ഇത് ശരിയാണോ എന്നുറപ്പിക്കാന്‍ ഫുഅദ് ഹിസ്ബുല്ല ആത്മീയനേതാവ് ഹാഷിം സഫിയദ്ദീനെ സമീപിച്ചു. നാല് ചടങ്ങുകളിലായി നാലുപേരെയും വിവാഹം കഴിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം മറുപടി നല്‍കി.
നാലുസ്ത്രീകളെയും നാല് ഫോണ്‍ കോളുകള്‍ വഴിയാണ് ഫുഅദ് ശുക്‌ര്‍ വിവാഹം കഴിച്ചത്. ഈ വഴി ഉപദേശിച്ചതും ഫോണ്‍ കോള്‍ നിക്കാഹിന് സൗകര്യമൊരുക്കിയതും ഹാഷിം സഫിയദ്ദീന്‍ തന്നെയായിരുന്നുവെന്നും മൊസാദ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മൊസാദിന്‍റെ വിപുലമായ ചാരശൃംഖല വഴിയാണ് ഇത്രയേറെ സ്വകാര്യമായ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തത്. 2006ലെ യുദ്ധം അവസാനിച്ചശേഷം ഹിസ്ബുല്ല കമാന്‍ഡര്‍മാരെ നിരീക്ഷിക്കാന്‍ മൊസാദ് കോടികളാണ് ചെലവിട്ടത്. ഇവരുടെ സ്വകാര്യജീവിതത്തിന്‍റെ എല്ലാവിവരങ്ങളും ഇസ്രയേല്‍ ചോര്‍ത്തിയിരുന്നു.
ജൂലൈയില്‍ ഒട്ടേറെ ഇസ്രയേല്‍കാര്‍ കൊല്ലപ്പെട്ട മിസൈല്‍ ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായി ഇസ്രയേല്‍ കരുതിയിരുന്നത് ശുക്‌റിനെയായിരുന്നു. അതേമാസം ഫുഅദിന് വന്ന ഫോണ്‍ കോള്‍ പിന്തുടര്‍ന്ന് മൊസാദ് അദ്ദേഹത്തിന്‍റെ ഒളിത്താവളം തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ഫുഅദും ഭാര്യമാരില്‍ ഒരാളും രണ്ടുമക്കളും കൊല്ലപ്പെട്ടു. ശുക്‌റിന്‍റെ മറ്റ് ഭാര്യമാര്‍ എവിടെയാണെന്ന് വിവരമില്ല. വിവാഹങ്ങള്‍ അധികം നിലനിന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
1983ല്‍ ലെബനനിലെ ബെയ്റൂട്ടിലുള്ള അമേരിക്കന്‍ ബാരക്കുകളില്‍ നടന്ന ബോംബാക്രമണങ്ങളുടെ സൂത്രധാരന്‍ ഫുഅദ് ശുക്‌ര്‍ ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. 241 അമേരിക്കന്‍ മറീനുകളാണ് അന്നത്തെ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. ഗാസയില്‍ ഹമാസിനെതിരെയും ലെബനനില്‍ ഹിസ്ബുല്ലയ്ക്കെതിരെയും സമാന്തരമായ യുദ്ധത്തിലാണ് ഇസ്രയേല്‍. ഇരുസംഘടനകളെയും പിന്തുണയ്ക്കുന്ന ഇറാനുമായും ഇസ്രയേല്‍ നേരിട്ടുള്ള യുദ്ധത്തിന്‍റെ വക്കോളമെത്തിയിരുന്നു.