TOPICS COVERED

പ്രാത്ഥനകള്‍ക്കും പ്രതീക്ഷകള്‍ക്കും ഇനി മറുപടിയില്ല, മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്‍റിന്‍റെ അനുമതി വന്നതോടെ നിമിഷ തിരിച്ചുവരും എന്നുള്ള ഒരു നാടിന്‍റെ സ്വപ്നമാണ് പൊലിഞ്ഞത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷയാണ് സനയിലെ ഹൈക്കോടതി ശരിവച്ചത്. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ൽ കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവു ലഭിക്കണമെന്ന നിമിഷപ്രിയയുടെ അപേക്ഷയാണു മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് പരിഗണിച്ചത്. വാദം കേൾക്കൽ ജനുവരി 10ന് പൂർത്തിയായിരുന്നു. 70 ലക്ഷം രൂപ നൽകിയാൽ കേസിൽ നിന്നു പിന്മാറാൻ തയാറാണെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും തദ്ദേശീയരുടെ എതിർപ്പുമൂലം നടന്നിരുന്നില്ല.

2017ലാണ് യെമൻ പൗരനും നിമിഷപ്രിയയ്ക്കൊപ്പം സനായിൽ ക്ലിനിക് നടത്തിയ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നിമിഷപ്രിയ, തലാലിന്റെ ഭാര്യയാണെന്നതിനു യെമനിൽ രേഖകളുണ്ട്. എന്നാൽ, ഇതു ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം. ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ നിർബന്ധിക്കുമായിരുന്നെന്നും നിമിഷ പറയുന്നു. ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നു ജയിലിലായ തലാൽ പുറത്തെത്തിയ ശേഷം കൂടുതൽ ഉപദ്രവകാരിയായി. ജീവിക്കാൻ അനുവദിക്കില്ലെന്ന നില വന്നതോടെ ഒരു ദിവസം അനസ്തീസിയയ്ക്കുള്ള മരുന്നു നൽകി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയിൽ പറഞ്ഞത്.

മൃതദേഹം നശിപ്പിക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ കഷണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കി ജലസംഭരണിയിലിട്ടു. സംഭവ ശേഷം സ്ഥലം വിട്ട നിമിഷപ്രിയ 200 കിലോ മീറ്ററിലധികം ദൂരെ മറ്റൊരു ആശുപത്രിയിൽ ജോലിക്കു ചേർന്നു. ഇതിനിടെ, കാണാതായ തലാലിനു വേണ്ടി ബന്ധുക്കൾ അന്വേഷണം തുടങ്ങി.നിമിഷയുടെ ചിത്രം പത്രത്തിൽ കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്നാണ് കേസ് നടപടികൾ വന്നതും കീഴ്ക്കോടതി വധശിക്ഷയ്ക്കു വിധിച്ചതും. ഇപ്പോൾ സനായിലെ ജയിലിലാണ് നിമിഷ. സംഭവത്തിൽ നിമിഷയെ സഹായിച്ച യെമൻകാരിയായ നഴ്സ് ഹനാനു ജീവപര്യന്തം തടവുശിക്ഷ കോടതി വിധിച്ചിരുന്നു.

ENGLISH SUMMARY:

Yemen President Rashad al-Alimi on Monday approved the death sentence for Nimisha Priya, a nurse from Kerala, who was convicted of murder in Yemen. The execution of the sentence will take place in a month's time