ഇസ്രായേലിൻ്റെ ടെൽ അവീവിലെയും എയ്‌ലാറ്റിലെയും സൈനിക കേന്ദ്രങ്ങൽ ഡ്രോണുകൾ ഉപയോഗിച്ച് തകർക്കാനാണ് ശ്രമിക്കുന്നതെന്ന് വെളിപ്പെടുത്തി യെമനിലെ ഹൂതികൾ. ഗ്രൂപ്പിൻ്റെ സൈനിക വക്താവ് യഹ്‌യ സാരി ഒരു ടെലിവിഷൻ പ്രസംഗത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏത് നിമിഷവും കൗണ്ടർ അറ്റാക്ക് ഉണ്ടായേക്കാമെന്ന സൂചന തന്നെയാണ് അദ്ദേഹം നൽകുന്നത്. Read more; ലബനനില്‍ കരയുദ്ധത്തിനു തുടക്കം, സുദീര്‍ഘമായ യുദ്ധമെന്ന് ഹിസ്ബുല്ല

ജെറുസലേം കഴിഞ്ഞാൽ ഇസ്രയേലിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ് ടെൽ അവീവ്. അവിടെയൊരു ഡ്രോൺ ആക്രമണമുണ്ടായാൽ ഇസ്രയേലിനുണ്ടാകുന്ന നാശനഷ്ടം വലുതായിരിക്കും. ഇസ്രായേലിലെ ഗുഷ് ഡാൻ മെട്രോപൊളിറ്റൻ ഏരിയയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരം കൂടിയാണ് ടെൽ അവീവ്. അതുകൊണ്ടുതന്നെ വലിയ പ്രതിരോധമാകും ഇസ്രയേൽ സൈന്യം ആ ന​ഗരത്തിൽ തീർത്തിട്ടുണ്ടാവുക. 

എന്നാൽ ലെബനനിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് സൈന്യം ബോംബാക്രമണം നടത്തുന്നതെന്ന് വ്യക്തമാക്കുകയാണ് ഇസ്രയേൽ.  രാജ്യം അപകടകരമായ ഘട്ടമാണ് നേരിടുന്നതെന്ന് ലെബനൻ പ്രധാനമന്ത്രി പ്രതികരിച്ചു. ഹസൻ നസ്റുള്ളയുടെ മരണത്തോടെ ഹിസ്ബുല്ല കൂടുതൽ പ്രതിരോധത്തിലായ ഘട്ടത്തിലാണ് യെമനിലെ ഹൂതികൾ നേരിട്ടുള്ള ആക്രമണത്തിനൊരുങ്ങുന്നത്.  

ഇസ്രയേൽ സൈന്യം ലബനനിൽ കടക്കാൻ പോകുന്ന പശ്ചാത്തലത്തിൽ, നേർക്കുനേർ ഏറ്റുമുട്ടാൻ ഹിസ്ബുല്ല സജ്ജമാണെന്നാണ് സംഘടനയുടെ ഉപമേധാവി നയീം ഖാസിം വിഡിയോ സന്ദേശത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അത്രയെളുപ്പം തോറ്റുകൊടുക്കുവാൻ തയ്യാറല്ലെന്ന സന്ദേശം തന്നെയാണ് ഹിസ്ബുല്ല നൽകുന്നതെന്ന് വ്യക്തം. നസ്റല്ലയുടെ കൊലപാതകത്തിനുശേഷം പുറത്തുവിട്ട ആദ്യസന്ദേശത്തിൽ പുതിയ മേധാവിയെ ഉടൻ തിരഞ്ഞെടുക്കുമെന്നും നയീം ഖാസിം വ്യക്തമാക്കുന്നു.  

തെക്കൻ ലബനനിൽ ഇസ്രയേൽ ബോംബാക്രമണം ഇന്നലെയും തുടർന്നു. സെൻട്രൽ ബെയ്റൂട്ടിലെ കോലയിൽ പാർപ്പിടസമുച്ചയം നിലംപൊത്തി. ഈ മേഖലയിൽ ഇതാദ്യമാണ് ബോംബാക്രമണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണങ്ങളിൽ 105 പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

2 ആഴ്ചയായി തുടരുന്ന കനത്ത ബോംബാക്രമണങ്ങൾ ലബനനിൽ സൈന്യം പ്രവേശിക്കുന്നതിനു മുന്നോടിയായാണെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റ് ഇന്നലെ രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽ സൈനികരെ സന്ദർശിച്ചു. കരയുദ്ധം ആസന്നമാണെന്ന സൂചനയും നൽകി.

ENGLISH SUMMARY:

Yemen’s Houthi movement targeted Israeli military posts in Tel Aviv and Eilat