nimishapriya-yemen-mother-returns

നിമിഷയെ രക്ഷിക്കാനാകുമെന്ന് ഉറപ്പ് കിട്ടാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന്  യമനിൽ കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി.  നിമിഷയുടെ മോചനം സാധ്യമാക്കാൻ വേണ്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാണ് യമനിൽ തുടരുന്നതെന്നും പ്രേമകുമാരി അറിയിച്ചു.യമനിലെ കാര്യങ്ങൾ അറിയുന്നില്ലെന്ന ആശങ്ക വേണ്ടെന്നും തർക്കങ്ങൾക്കിടയിൽ നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ വഴിമുട്ടരുതെന്നും പ്രേമകുമാരി അഭ്യർഥിച്ചു.

 സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗവും യമൻ പ്രവാസിയുമായ സാമുവൽ ജെറോമിന്റെ വീട്ടിൽ നിന്നാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളുടെ മോചനത്തിനായുള്ള ശ്രമങ്ങൾ നടത്തുന്നത്. ആക്ഷൻ കൗൺസിൽ സ്വരൂപിച്ച അയച്ച പണത്തിന്റെ രണ്ട് ഗഡുക്കളും ലഭിച്ചിട്ടുണ്ടെന്നും ഇത് ഉപയോഗിച്ചാണ് കാര്യങ്ങൾ മുന്നോട്ടുനീക്കുന്നതെന്നും യമനിൽ നിന്ന് അയച്ച ശബ്ദരേഖയിൽ പ്രേമകുമാരി വ്യക്തമാക്കി. പണം ധൂർത്തടിക്കുകയാണെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾക്കിടയിൽ നിന്ന് തന്നെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പ്രേമകുമാരിയുടെ വിശദീകരണം.

ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടെന്നും ആരും തന്നെ തടഞ്ഞുവച്ചിട്ടില്ലെന്നും  എംബസി ആവശ്യപ്പെട്ടത് അനുസരിച്ച് കഴിഞ്ഞദിവസം നിമിഷപ്രിയയെ ജയിലിൽ സന്ദർശിച്ച് അപേക്ഷകളിൽ ഒപ്പിട്ടുവാങ്ങിയെന്നും പ്രേമകുമാരി വ്യക്തമാക്കി. നിമിഷപ്രിയയെ കാണാനും മോചനശ്രമങ്ങൾക്കുമായി കഴിഞ്ഞ ഏപ്രിലിലാണ് പ്രേമകുമാരി യമനിലെത്തിയത്.

ENGLISH SUMMARY:

I won't return home without ensuring Nimisha's rescue," says Premakumari, the mother of Nimisha Priya, who is in Yemen