TOPICS COVERED

ഇന്ത്യ-യുഎഇ ബന്ധത്തിലെ നാഴികക്കല്ലാണ് സെപ കരാറെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സുഞ്ജയ് സുധീർ. കൂടുതൽ മേഖലകളിലേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കും. ഐഐടി ക്യാംപസിന് പിന്നാലെ ഇന്ത്യയിലെ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാംപസുകൾ യുഎഇയിൽ തുടങ്ങുമെന്നും പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇന്ത്യ യുഎഇ ഉഭയകക്ഷി ബന്ധം നാൾക്കുനാൾ ശക്തമായി കൊണ്ടിരിക്കുകയാണെന്നും അതിന്റെ തെളിവാണ് കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇരുരാജ്യങ്ങൾക്കും ഇടയിൽ ഉണ്ടായ  ആറ് ഉന്നതതല സന്ദർശനങ്ങളെന്നും യുഎഇയില ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ചൂണ്ടിക്കാട്ടി.  ഒട്ടേറെ ചരിത്രപരമായ കരാറുകൾക്കും ധാരണകൾക്കുമാണ് ഇക്കാലയളവിൽ ഒപ്പുവച്ചത്. 2022ൽ ഒപ്പുവച്ച സെപ കരാറാണ് ഇതിൽ ഏറ്റവും പ്രധാനം. ഒരുവർഷത്തിനകം ഉഭയകക്ഷി വ്യാപാരം 85 ബില്ല്യൺ ഡോളറിലെത്തി. 2030 ഓടെ ഇത് 100 ബില്യൺ ഡോളറാക്കുകയാണ് ലക്ഷ്യം. എണ്ണ ഇതര വ്യാപാരത്തിലും വൻ വർധനയാണ് ഉണ്ടായതെന്നും സഞ്ജയ് സുധീർ ചൂണ്ടിക്കാട്ടി. റൂപ്പി ദിർഹം ധാരണപാത്രമാണ് മറ്റൊരു വഴിത്തിരിവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ യുഎഇയിലെ ഇന്ത്യൻ നിക്ഷേപം 85 ബില്യൺ ഡോളറിലധികം വരും. 

കഴിഞ്ഞ വർഷം ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി കൂടുതൽ നിക്ഷേപങ്ങൾക്ക് ഉത്തേജകമായി പ്രവർത്തിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ നിക്ഷേപിക്കാൻ യുഎഇയുടെ സ്ഥാപന നിക്ഷേപകർക്ക് ഏറെ താൽപര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. അബുദാബിയിലെ ഐഐടി ഡൽഹി ക്യാംപസിന് പിന്നാലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റും  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡും യുഎഇയിൽ ക്യാംപസ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആണവോർജം, ധ്രുവപ്രദേശങ്ങളിലെ പര്യവേക്ഷണം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ അടുത്തിടെയാണ് ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പുവച്ചത്.  കൂടുതൽ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനാണ് നീക്കമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ENGLISH SUMMARY:

CEPA Agreement; A Milestone in India-UAE Relations, Says Sunjay Sudhir