TOPICS COVERED

ഹമാസും ഇസ്രയേലും  തമ്മില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം നാല് ഇസ്രയേലി ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു.ഒക്ടോബര്‍ ഏഴിന് നടത്തിയ മിന്നല്‍ ആക്രമണത്തിനൊപ്പം പിടിച്ചു കൊണ്ടുപോയ നാല് വനിതാ സൈനികരെയാണ് ഹമാസ് മോചിപ്പിച്ചത്.കരിന അറീവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ബാഗ് എന്നീ വനിതാ സൈനികരെയാണ് പലസ്തീന്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ വെച്ച് റെഡ് ക്രോസ് അധികൃതര്‍ക്ക് ഹമാസ്  കൈമാറിയത്.ഇതിന് പകരമായി ഇസ്രയേല്‍ തടവറകളില്‍ കഴിയുന്ന 200 പലസ്തീനികളെ വിട്ടയക്കും. 

ബന്ദികള്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. ബന്ദികളുടെ കുടുംബാംഗങ്ങള്‍ പ്രിയപ്പെട്ടവരുടെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഐഡിഎഫ് പുറത്തുവിട്ടു. 'ദുഃഖത്തിന്റെ കണ്ണുനീര്‍ ആനന്ദക്കണ്ണീരായി മാറിയ അവിസ്മരണീയ നിമിഷം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. മോചിപ്പിക്കപ്പെട്ട ഓരോ വനിതാ ബന്ദിക്കും പകരമായി 50 പലസ്തീനികളെ ഇസ്രയേല്‍ മോചിപ്പിക്കും.

 ഇസ്രയേല്‍ മോചിപ്പിക്കുന്ന 200 തടവുകാരില്‍ 121 പേര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരും 79 പേര്‍ ദീര്‍ഘകാല തടവിന് ശിക്ഷിക്കപ്പെട്ടവരുമാണ്. ഇവരില്‍ 69 വയസ്സുള്ളവരും 15 വയസ്സുള്ള കുട്ടികളും ഉള്‍പ്പെടുന്നു. 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അര്‍ബെല്‍ യെഹൂദ് എന്ന ബന്ദിയെ കൂടി മോചിപ്പിക്കാതെ ഫലസ്തീനികളെ വടക്കന്‍ ഗാസയിലേക്ക് തിരികെ പോകാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി.എന്നാല്‍ യെഹൂദ് അടുത്ത ശനിയാഴ്ച മോചിപ്പിക്കപ്പെടുമെന്ന് ഹമാസ് അറിയിച്ചു.

കരാറിന്റെ ഭാഗമായി ഇസ്രയേല്‍ സൈന്യം നെറ്റ്‌സാരിം ഇടനാഴിയില്‍ നിന്ന് പിന്മാറും. ഇത് ലക്ഷക്കണക്കിന് പലസ്തീനികള്‍ക്ക് വടക്കന്‍ ഗാസയിലെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാന്‍ വഴിയൊരുക്കും. റഫ അതിര്‍ത്തി കടന്നുള്ള സഹായ വിതരണവും വാണിജ്യ വസ്തുക്കളുടെ പ്രവേശനവും സുഗമമാക്കാനും ധാരണയായിട്ടുണ്ട്. നിരവധി പലസ്തീനികള്‍ ഇതിനോടകം തന്നെ വാദി ഗാസയ്ക്ക് സമീപം തമ്പടിച്ചിട്ടുണ്ട്. ഞായറാഴ്ച മുതല്‍ ഇവര്‍ വടക്കോട്ട് യാത്ര തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം ആറാഴ്ചയാണ് നീണ്ടുനില്‍ക്കുക.ഒക്ടോബര്‍ ഏഴിലെ ആക്രമണം മുതല്‍ ഹമാസ് ബന്ദികളാക്കിയ 251 പേരില്‍ 33 പേരെയാണ് ആദ്യഘട്ടത്തില്‍ വിട്ടയയ്ക്കുക. ഇതിന് പകരമായി ഇസ്രയേല്‍ അറസ്റ്റ് ചെയ്ത നൂറുകണക്കിന് പലസ്തീന്‍ പൗരന്മാരെയും വിട്ടയയ്ക്കും. കഴിഞ്ഞ ഞായറാഴ്ച, ഹമാസ് മൂന്ന് ഇസ്രയേലി ബന്ദികളെയും 90 പലസ്തീന്‍ തടവുകാരെയും  വിട്ടയച്ചിരുന്നു. 

ENGLISH SUMMARY:

Hamas releases 4 Israeli female soldiers captured on October 7