TOPICS COVERED

അങ്ങനെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ആ ശുഭവാര്‍ത്ത എത്തിയിരിക്കുന്നു..ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരിക്കുന്നു..ഗാസയിലെ കുഞ്ഞുങ്ങൾക്ക് ഇനി സമാധാനത്തിന്റെ പുലരിയിലേക്ക് മിഴികള്‍ തുറക്കാം..കൂട്ടക്കുരുതിയും ചോരക്കളവും കണ്ടു മാത്രം ശീലിച്ച ഗാസയിലെ മനുഷ്യർക്ക് പച്ചമാംസത്തിന്റെ ഗന്ധമില്ലാത്ത വായു ശ്വസിക്കാം..

തീമഴ പൊഴിച്ച ഗാസയുടെ ആകാശത്ത് വിരിയുന്ന സമാധാനത്തിന്‍റെ നീലിമ കണ്‍കുളിര്‍ക്കെ കാണാം..15 മാസം ഇസ്രയേല്‍ ഗാസയ്ക്ക് മേല്‍ അഴിച്ചുവിട്ട നിഷ്ഠൂര ആക്രമണങ്ങള്‍ക്ക് വിരാമമായതിന്‍റെ ആശ്വാസത്തിലാണ് ഗാസയിലെ മനുഷ്യരിപ്പോള്‍.

ആദ്യം മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറിയതിന് പിന്നാലെയാണ് വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. മൂന്നു വനിതകളുടെ പേരുകളാണ് ഹമാസ് കൈമാറിയത്. വെറ്ററിനറി നഴ്സായ ഡോറോൻ സ്റ്റൈൻബ്രെച്ചർ, ഇസ്രയേൽ–ബ്രിട്ടിഷ് പൗരത്വമുള്ള എമിലി ദമാരി,റോമി ഗോനെൻ എന്നിവരെയാണ് ഹമാസ് ആദ്യം വിട്ടുനൽകിയിരിക്കുന്നത്.  90 പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചു.

കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് കരാര്‍ നടപ്പിലാക്കാന്‍ പ്രഖ്യാപിച്ച സമയത്തിന് അരമണിക്കൂർ മുൻപ് ഇസ്രയേൽ അപ്രതീക്ഷിതമായി വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു.

പിന്നീട് രണ്ടു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് ബന്ദികളുടെ പേരുകൾ മധ്യസ്ഥരായ ഖത്തർ മുഖേന ഹമാസ് ഇസ്രയേലിന് കൈമാറിയത്.

ഗാസയിലേക്ക് മരുന്നും ഭക്ഷണവുമായി എത്തുന്ന ട്രക്കുകൾ ഈജിപ്തിന്റെ അതിർത്തിയിൽ കാത്തുകിടക്കുകയാണ്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ഇവർക്ക് അതിർത്തി കടന്ന് ദുരിതം അനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് ആശ്വാസം നല്‍കാന്‍ സാധിക്കും. 

അതിനിടെ, വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരാൻ വൈകിയതോടെ ഗാസ മുനമ്പിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. എത്രപേർ മരിച്ചുവെന്ന് പുറത്തുവന്നില്ലെങ്കിലും ഖാൻ യൂനിസിലെ നാസർ ആശുപത്രി അധികൃതർ മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ആറ് മണിക്കൂറിലേറെ നീണ്ട പൂർണ മന്ത്രിസഭാ യോ​ഗത്തിന് ശേഷമാണ് ഹമാസുമായുള്ള വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ അം​ഗീകാരം നൽകിയത്. യോ​ഗത്തിൽ 24 മന്ത്രിമാർ വെടിനിർത്തൽ കരാറിന് അം​ഗീകാരം നൽകുന്നതിന് അനുകൂലമായി നിലപാടെടുത്തപ്പോൾ എട്ട് മന്ത്രിമാർ കരാറിനെ എതിർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ സമ്പൂർണ്ണ മന്ത്രിസഭാ യോ​ഗം ചേരുന്നതിന് മുമ്പ് ഇസ്രയേലിൻ്റെ സുരക്ഷാകാര്യ മന്ത്രിസഭ കരാറിന് അം​ഗീകാരം നൽകിയിരുന്നു.യു.എസും ഖത്തറും ഈജിപ്തുമാണ് കരാറിന്റെ മധ്യസ്ഥത നിർവഹിച്ചത്.

മൂന്ന് ഘട്ടമായി വിഭാവനം ചെയ്യുന്ന കരാറിന്റെ ആദ്യഘട്ടം 42 ദിവസമാണ്. ഈ കാലയളവിൽ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. പകരം 1900 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. ഇസ്രയേലിന്റെ തടവിലുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തിൽ വിട്ടയയ്ക്കും. ആദ്യ ദിവസം മൂന്ന് സ്ത്രീ ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്; ഏഴാം ദിവസം 4 പേരെയും. തുടർന്നുള്ള 5 ആഴ്ചകളിലായി 26 പേരെക്കൂടി വിട്ടയയ്ക്കും.

ഗാസയിലുള്ള ഇസ്രയേൽ സൈനികർ അതിർത്തിയോടു ചേർന്ന ബഫർ സോണിലേക്കു പിൻവാങ്ങുന്നതോടെ, നേരത്തേ പലായനം ചെയ്ത പലസ്തീൻകാർക്കു മടങ്ങിപ്പോകാനാകും. ഒന്നാംഘട്ടം 16 ദിവസം പിന്നിട്ടുകഴിഞ്ഞ് വെടിനിർത്തലിന്റെ രണ്ടാംഘട്ടം ചർച്ച ചെയ്തു തീരുമാനിക്കും. ഈ 16 ദിവസം നടപടികൾ സുഗമമല്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ ഭീഷണി മുഴക്കിയിരുന്നു.

പതിനഞ്ച് മാസത്തെ കൊടിയ പീഡകള്‍ക്കും കൂട്ടക്കുരുതികള്‍ക്കും വിരാമമിട്ട് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുമ്പോളും ഗാസയില്‍

ബാക്കിയാകുന്നത് എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്..ജീവിച്ച് തുടങ്ങും മുന്‍പ് ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച കുഞ്ഞുജീവനുകള്‍. കണ്‍മുന്നില്‍ ചിന്നിച്ചിതറിയ വികൃതമായ കുഞ്ഞുടലുകള്‍ കൈകളില്‍ വാരിയെടുക്കേണ്ടി വന്ന ഹതഭാഗ്യരായ മാതാപിതാക്കള്‍.ബോംബിനും മിസൈലിനും ഇടയില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടിട്ടും പ്രാണരക്ഷാര്‍ഥം എല്ലാമിട്ടറിഞ്ഞ് പലായനം ചെയ്യേണ്ടി വന്നവര്‍. വെള്ളവും ഭക്ഷണവും

വൈദ്യുതിയും മരുന്നും അഭയവുമില്ലാതെ, ജീവനുണ്ടായിട്ടും ജീവിതമില്ലാതെപോയ അസംഖ്യം മനുഷ്യര്‍. അവരനുഭവിച്ച നരക യാതനകള്‍..

2023 ഒക്ടോബർ 7 ന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് മിന്നലാക്രമണം നടത്തിയതോടെയാണ് ഒരിടവേളയ്ക്ക് ശേഷം ഇസ്രയേല്‍

ഫലസ്തീന്‍ സംഘര്‍ഷത്തിന് തുടക്കമാകുന്നത്. ഇസ്രയേലിന്‍റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്‍റെ പോലും കണ്ണുവെട്ടിച്ച് ഓര്‍ക്കാപ്പുറത്ത് നടത്തിയ ആക്രമണം. 20 മിനിറ്റിനുള്ളില്‍ കുതിച്ചെത്തിയ 2200 ലേറെ റോക്കറ്റുകള്‍..പിന്നീടങ്ങോട്ട് ലോകം കണ്ടത് ഗാസയില്‍ ഇസ്രായേല്‍ നടത്തിയ സംഹാര താണ്ഡവം..

467 ദിവസങ്ങൾ നീണ്ട ആക്രമണ പരമ്പരയില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജീവന്‍ നഷ്ടമായത് 46,876 മനുഷ്യര്‍ക്കാണ്..ആശുപത്രികളെ പോലും നെതന്യാഹുവിന്‍റെ സൈന്യം വെറുതെ വിട്ടില്ല. ആശുപത്രികള്‍ക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ടണലുകളില്‍ 

ഹമാസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് ഇസ്രയേല്‍ സൈന്യം ആശുപത്രികളെല്ലാം നിര്‍ദയം ബോംബിട്ടു തകര്‍ത്തു.ഗാസ പൂര്‍ണമായും ദുരന്ത ഭൂമിയായി മാറി..ഒറ്റപ്പെട്ടു..

അറബ് രാജ്യങ്ങള്‍ പോലും രക്ഷയ്ക്കെത്താതെ മടിച്ചു നിന്നു. ഹമാസിന് പിന്തുണ നല്‍കിയവരെല്ലാം നെതന്യാഹു തിരഞ്ഞുപിടിച്ച് ആക്രമിച്ചു. ഹമാസിനെ പിന്തുണച്ച ഇറാനെയും ഹിസ്ബുല്ലയും യെമനിലെ ഹൂതി വിതരെയും നെതന്യാഹു ഉന്നമിട്ടു. 

ഇറാൻ സന്ദർശനത്തിനിടെ  ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയ ഇസ്രയേലിന്‍റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലെ അതിര്‍ത്തിയില്‍  ഇസ്രയേല്‍ സൈന്യം തമ്പടിച്ചു. 2024 സെപ്റ്റംബർ 17ന് ലെബനനില്‍ ഹിസ്ബുല്ല നേതാക്കള്‍ ഉപയോഗിച്ചിരുന്ന 3000 പേജറുകള്‍ ഒരുമിച്ച് പൊട്ടിത്തെറിച്ച് പ്രധാനപ്പെട്ട ഹിസ്ബുല്ല നേതാക്കള്‍ കൊല്ലപ്പെട്ടു.

പിന്നാലെ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നു. അതോടെ ഹിസ്ബുള്ളയുടെ പതനം പൂര്‍ത്തിയായി.തുടര്‍ന്ന് ഹമാസ് ഉന്നതനേതാക്കളായ ഇസ്മായിൽ ഹനിയയും യഹ്യ സിൻവറും കൊല്ലപ്പെട്ടു.2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സിൻവറായിരുന്നു. ജൂലൈയിൽ ടെഹ്റാനിൽ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടശേഷം അദ്ദേഹമായിരുന്നു സംഘടനയുടെ മേധാവി.

ഏതായാലും പലവട്ടം പാളിയ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ ശുഭപര്യവസാനമായിരിക്കുകയാണ്.വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യാകാന്‍ ട്രമ്പിന്‍റെ  രണ്ടാം വരവും കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍...

 ട്രംപ് ഭരണകൂടത്തിന്റെ പക്കൽനിന്ന് വലിയ സമ്മർദം നെതന്യാഹു നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യുദ്ധം അവസാനിപ്പിക്കണമെന്ന് താന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് അമേരിക്കന്‍ വാര്‍ത്താശൃംഖലായ എന്‍ബിസിയോട് വ്യക്തമാക്കിയിരുന്നു.'ട്രംപിന്റെ തെരഞ്ഞെടുപ്പിന് ആദ്യം വില കൊടുക്കുന്നത് ഞങ്ങളാണ്. കരാർ ഞങ്ങളുടെ മേൽ നിർബന്ധിതമാക്കപ്പെടുകയാണ്' എന്ന ഇസ്രായേലി പണ്ഡിറ്റിന്റെ വാക്കുകളും ശ്രദ്ധേയമാണ്.

യുദ്ധത്തിന് ശേഷം ഗാസയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ഇസ്രയേല്‍ അധീന വെസ്റ്റ് ബാങ്കില്‍ ഭാഗിക അധികാരമുള്ള പലസ്‌തീന്‍ അതോറിറ്റി തയാറായെന്ന് പലസ്‌തീന്‍ പ്രസിഡന്‍റ് മഹമ്മൂദ് അബ്ബാസ് പറഞ്ഞു.അതേസമയം യുദ്ധാനന്തര ഭരണത്തെക്കുറിച്ച് യാതൊരു നിലപാടും ഇസ്രയേല്‍ പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ ഹമാസിനോ പലസ്‌തീന്‍ അതോറിറ്റിക്കോ ഭരണത്തില്‍ പങ്കുണ്ടാകരുതെന്ന അഭിപ്രായം അവര്‍ക്കുണ്ട്. എന്നാല്‍ പലസ്‌തീന്‍ അതോറിറ്റിക്ക് കീഴിലാകും ഗാസയെന്നാണ് അധികാരമൊഴിയുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ അറിയിച്ചത്.

വെടിനിർത്തലും ഗാസയിലെ സമാധാനവും എല്ലാം നമ്മൾ മുൻപും പലവട്ടം കണ്ട വാർത്തയും തലക്കെട്ടുമാണ്. മുന്നറിയിപ്പുകളും ഉപാധികളും ഏറെയുണ്ട്. ഇനി മുഴങ്ങുന്ന ഏതൊരു വെടിയൊച്ചക്കും ആയിരമായിരം ജീവനുകളുടെ വിലയുണ്ടെന്നു എല്ലാം നിശ്ചയിക്കുന്ന ലോക നേതാക്കൾ അറിയണം. മനുഷ്യസ്നേഹവും വിട്ടുവീഴ്ചകളും ഉണ്ടായേ പറ്റൂ. പിഞ്ചുകുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കാത്ത, നിഷ്കളങ്ക മനുഷ്യരുടെ മഹാവിലാപങ്ങൾ ഉയരാത്ത ഗാസ പുലരട്ടെ, കാത്തിരിക്കാം ശുഭപ്രതീക്ഷകളോടെ.

ENGLISH SUMMARY:

Will a new Gaza be born? What was left in after the war??