ഗാസ സമാധാനക്കരാര്‍ പ്രകാരം രണ്ടാംഘട്ട തടവുകാരെ വിട്ടയ്ക്കാന്‍ ഹമാസ്. ഒക്ടോബര്‍ ഏഴിന് നടത്തിയ മിന്നല്‍ ആക്രമണത്തിനൊപ്പം പിടിച്ചു കൊണ്ടുപോയ നാല് വനിതാ സൈനികരെയാണ് ഹമാസ് മോചിപ്പിക്കുന്നത്. പകരമായി ജയിലുകളില്‍ കഴിയുന്ന 200 പലസ്തീന്‍ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും. കരിന അറീവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ബാഗ് എന്നീ വനിതാ സൈനികരാണ് മോചിപ്പിക്കപ്പെടുന്നത്. ഇസ്രയേല്‍ വിട്ടയയ്ക്കുന്ന പലസ്തീന്‍ തടവുകാരില്‍ 120 പേര്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞവരാണ്. നാളെയാണ് രണ്ടാംഘട്ടമനുസരിച്ചുള്ള മോചിപ്പിക്കല്‍ നടക്കുക. നേരത്തെ മൂന്ന് ഇസ്രയേലി വനിതകളെ ഹമാസ് മോചിപ്പിച്ചിരുന്നു.
ഈജിപ്ത്, ഖത്തര്‍, യുഎസ് എന്നിവരുടെ മധ്യസ്ഥതയിലാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവന്നത്. ആറാഴ്ചത്തേക്കാണ് പ്രാഥമിക വെടിനിര്‍ത്തല്‍. ധാരണ അനുസരിച്ച് 33 ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കുക. പകരമായി ഇസ്രയേലില്‍ ജയിലില്‍ കഴിയുന്ന ഒട്ടേറെ പലസ്തീനികളെയും സ്വതന്ത്രരാക്കും. ഗാസയിലെ ചില ഭാഗങ്ങളില്‍ നിന്ന് ഇസ്രയേല്‍ സേന പിന്‍മാറുമെന്നും ധാരണയിലുണ്ട്.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തില്‍ 1200 ഇസ്രയേലികള്‍ കൊല്ലപ്പെട്ടിരുന്നു. സൈനികരും സാധാരണക്കാരുമായ 250 ഓളം പേരെ ഹമാസ് പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. മറുപടിയായി ഇസ്രയേല്‍ നടത്തിയ യുദ്ധത്തില്‍ 47,000ത്തിലേറെ പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായി. 15മാസം നീണ്ട യുദ്ധത്തിനാണ് ഒടുവില്‍ താല്‍കാലിക ശമനം ആയിരിക്കുന്നത്.