മുഖം മറച്ച്, വെളുത്ത കാറില്‍ ഹമാസ് പതാകയും തോക്കുകളുമായി ഗാസയിലൂടെ നീങ്ങുന്ന ഹമാസിനെയാണ് വെടിനിര്‍ത്തലിന് ശേഷം കാണാന്‍ സാധിക്കുന്നത്. ഹമാസിനെ ഉത്മൂലനം ചെയ്യുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പ്രസ്താവനയ്ക്ക് അപ്പുറം യാഥാര്‍ഥ്യം മറ്റൊന്നാണെന്ന് കാണിക്കുന്നതാണ് ഗാസയിലെ കാഴ്ചകളെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനഞ്ച് മാസത്തെ യുദ്ധം ഹമാസിനെ തകര്‍ത്താന്‍ സാധിച്ചില്ലെന്ന പരോക്ഷ സന്ദേശമാണ് ഹമാസ് ആദ്യ ദിവസം നല്‍കിയത്.
ഞായറാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതിന് പിന്നാലെ ഗാസയുടെ നിയന്ത്രണം തങ്ങളുടെ കയ്യിലാണെന്ന് കാണിക്കാന്‍ അധിക ജോലിയിലാണ് ഹമാസെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 7 ന് ആരംഭിച്ച യുദ്ധത്തില്‍ നേതൃത്വം മുഴുവനും നഷ്ടമായെങ്കിലും അതിന്‍റെ ക്ഷീണം കാണിക്കാതെയാണ് ഹമാസിന്‍റെ പ്രവര്‍ത്തനം.
വെടിനിര്‍ത്തലിന്‍റെ ആദ്യ ദിനം പത്തിലധികം ഹമാസുകാരാണ് ഗാസ സിറ്റിയിലെ സരയ സ്ക്വയറില്‍ ബന്ദികളെ കൈമാറാന്‍ എത്തിയത്. തകരാറുകളൊന്നുമില്ലാത്ത കാറോടിച്ച് വൃത്തിയുള്ള യൂണിഫോമിലാണ് ഹമാസ് സൈനിക വിഭാഗം ഇവിടെ എത്തിയത്. വെടിനിർത്തലിന് ശേഷം ഹമാസ് സര്‍ക്കാര്‍ നിയമപാലനത്തില്‍ കാര്യമായി ഇടപെടുന്നുണ്ടെന്ന് ഗാസയിലെ താമസക്കാര്‍ പറയുന്നു. പൊലീസ് സേനയെ നഗരത്തിലേക്ക് എത്തിച്ചും ഗതാഗതം നിയന്ത്രിച്ചും എയ്ഡ് ട്രക്കുകൾ സംരക്ഷിക്കുന്നതിലും ഹമാസിന്‍റെ ഇടപെടലുണ്ടെന്നും താമസക്കാര്‍ പറയുന്നു.
യുദ്ധത്തിനിടെ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തിനിടയിലും ഹമാസിന്‍റെ തിരിച്ചുവരവ് ഗാസയിലെ ജനങ്ങള്‍ക്ക് പോലും അപ്രതീക്ഷിതമായിരുന്നു. യുദ്ധത്തിനിടെ ഇക്കൂട്ടര്‍ എവിടൊയിരുന്നു എന്നാണ് മുഹമ്മദ് എന്നൊരാള്‍ ന്യൂയോര്‍ക്ക് ടൈംസിനോട് ചോദിച്ചത്. അതേസമയം, ഹമാസിന്‍റെ സൈനിക വിഭാഗത്തെയും സർക്കാരിനെയും പൂര്‍ണമായും തകർക്കുക എന്ന ലക്ഷ്യത്തില്‍ പിന്മാറില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു.
ഏകദേശം 100 ഓളം ബന്ദികളാണ് ഹമാസിന്‍റെ കയ്യിലുള്ളത്. 30 ബന്ദികളെ വരും ആഴ്ചകളിൽ മോചിപ്പിച്ച ശേഷം യുദ്ധം പുനരാരംഭിക്കുമെന്നാണ് ഇസ്രയേല്‍ പറയുന്നത്. എന്നാല്‍ ഹമാസിനെ തകര്‍ക്കാന്‍ ഇസ്രായേലിന് സാധിച്ചിട്ടില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ മൂസ അബു മർസൂഖ് ഒരു അഭിമുഖത്തിൽ പറഞ്ഞു.