മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഏറ്റവും കൂടുതല്‍ യാത്ര ചെയ്തത് ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബറില്‍ മസ്കറ്റ് വിമാനത്താവളം വഴി യാത്ര ചെയ്തവരിലാണ് ഇന്ത്യക്കാര്‍ ഒന്നാമതെത്തിയത്. ഡിസംബറില്‍ 90,442 ഇന്ത്യക്കാര്‍ മസ്കറ്റ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുകയും 87,886 പേര് വിമാനത്താവളത്തിലെത്തുകയും ചെയ്തു എന്നാണ് കണക്ക്.ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കണക്കുകള്‍ പ്രകാരം ഒമാന്‍ സ്വദേശികളാണ് ഇന്ത്യക്കാര്‍ക്ക് തൊട്ടു പിന്നിലുള്ളത്.51,799 ഒമാനികള്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുകയും 54,577 പേര് വിമാനത്താവളത്തില്‍ എത്തിച്ചേരുകയും ചെയ്തു.
പാകിസ്ഥാന് സ്വദേശികളാണ് മൂന്നാം സ്ഥാനത്തുള്ളത്. 27,789 പേരാണ് എയര്‍പോര്‍ട്ടിൽ നിന്ന് പുറപ്പെട്ടത്. 29,002 പേര് വന്നിറങ്ങി. നവംബർ വരെ മസ്കറ്റ് എയർപോർട്ട് വഴിയുള്ള ആകെ യാത്രക്കാരുടെ എണ്ണം 11,737,391 ആണ്. മുൻ വർഷത്തെ അപേക്ഷിച്ച് 2.7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. മസ്കറ്റ് എയർപോർട്ടിലെ വിമാനങ്ങളുടെ എണ്ണത്തിലും 1.4 ശതമാനം വർധനവുണ്ടായി. 88,000 വിമാനങ്ങളാണ് സർവീസ് നടത്തിയത്.