ഷാർജയിൽ ജോലി ചെയ്യുന്ന മലയാളിക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 25 ദശലക്ഷം ദിർഹം (59.29 കോടി രൂപ) സമ്മാനം. 19 വർഷമായി യുഎഇയിൽ താമസിക്കുന്ന കോഴിക്കോട്ടുകാരനായ ആഷിഖ് പടിഞ്ഞാറത്തിനാണ് (39) സമ്മാനം അടിച്ചത്. ആഷിഖ് തനിച്ചാണ് ടിക്കറ്റെടുത്തത്.
കഴിഞ്ഞ 10 വർഷത്തിനിടെ 100 ടിക്കറ്റെങ്കിലുമെടുത്തിട്ടുണ്ടാകും. ആ ഭാഗ്യ പരീക്ഷണം തുടരുകയായിരുന്നുവെന്നും ആഷിഖ് പ്രതികരിച്ചു. ഇത്തവണത്തെ നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിക്കാനായി ആഷിഖ് ആറ് ടിക്കറ്റുകളാണ് എടുത്ത് വെച്ചിരുന്നത്.
ഓൺലൈനിലൂടെ ജനുവരി 29 ന് വാങ്ങിയ 456808 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ആഷിഖിന് സമ്മാനം അടിച്ചത്. മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളും 2 സഹോദരിമാരും ഉള്‍പ്പെടുന്ന കുടുംബത്തോടൊപ്പം സന്തോഷം പങ്കിടുകയാണ് ആഷിഖ്. ഷാർജ കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിലാണ് ആഷിഖ് പ്രവർത്തിക്കുന്നത്.
നാട്ടിലുള്ള കുടുംബാംഗങ്ങളെ ഫോണ്‍ വിളിച്ച് സംസാരിക്കവേയാണ് ബിഗ് ടിക്കറ്റിൽ നിന്ന് കോൾ വന്നതെന്ന് ആഷിഖ് പറയുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസ് വികസിപ്പിക്കാനായി ഈ സമ്മാനത്തുക ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.