Palestinians make their way to flee their homes, after the Israeli army issued evacuation orders for a number of neighborhoods, following heavy Israeli strikes, in the northern Gaza Strip March 18, 2025. REUTERS/Mahmoud Issa
ഗാസയിലെ 20 ലക്ഷം വരുന്ന താമസക്കാരെ സിറിയിലേക്ക് സ്ഥിരമായി പുനരധിവസിപ്പിക്കാന്‍ യുഎസും ഇസ്രയേലും ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. പലസ്തീനികളെ കുടിയൊഴിപ്പിച്ച് ഗാസയെ വിനോദസഞ്ചാരകേന്ദ്രമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സഖ്യകക്ഷികളായ അറബ് രാജ്യങ്ങളുടെ എതിര്‍പ്പിനിടിയിലും ഇസ്രയേലും യുഎസും നീക്കത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് സിബിഎസ് ന്യൂസിന്‍റെ റിപ്പോര്‍ട്ട്.
യുഎസ് ഭരണകൂടത്തിനും ഇസ്രായേലിനും സിറിയയിൽ താൽപ്പര്യമുണ്ട്. മൂന്നാം കക്ഷി വഴി സിറിയയിലെ പുതിയ ഇടക്കാല സർക്കാരുമായി ബന്ധപ്പെടാൻ യുഎസ് ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ സിറിയയിൽ നിന്ന് എന്തെങ്കിലും പ്രതികരണം ഉണ്ടായോ എന്ന് വ്യക്തമല്ല. പലസ്തീനികളെ സൊമാലിയയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് യുഎസ്, ഇസ്രയേല്‍ അധികൃതര്‍ ആരും സംസാരിച്ചിട്ടില്ലെന്ന് യുഎസിലെ സൊമാലിയന്‍ അംബാസിഡര്‍ ഡാഹിര്‍ ഹസന്‍ വ്യക്തമാക്കി.
സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഐസിസ്, അൽ-ഷബാബ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള റിക്രൂട്ട്മെന്റിന് വേഗം കൂട്ടുമെന്നും ഇത് മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ വർധിപ്പിക്കുമെന്നുമാണും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഭൂരിഭാഗം ഇടപെടലും യുഎസിൽ നിന്നാണെന്ന് ഇസ്രായേലി ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു, എന്നാൽ ഏതൊക്കെ രാജ്യങ്ങളെയാണ് സമീപിച്ചതെന്ന് വ്യക്തമാക്കിയില്ല.
നിലവില്‍ 4.50 ലക്ഷം പലസ്തീന്‍ അഭയാര്‍ഥികള്‍ സിറിയയിലുണ്ടെന്നാണ് വിവരം. സിറിയന്‍ അതിര്‍ത്തിയില്‍ ഒരു ബഫര്‍ സോണ്‍ കൈവശപ്പെടുത്തിയ ഇസ്രയേല്‍ സിറിയയ്ക്ക് നേരെ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ നടത്തുന്നുണ്ട്. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം, ഗാസയിലെ 90 ശതമാനം വീടുകളും യുദ്ധത്തില്‍ തകര്‍ന്നിട്ടുണ്ട്. ഗാസയിലെ 19 ലക്ഷത്തിലധികം സാധാരണക്കാരാണ് അഭയാര്‍ഥികളായത്. ഒക്ടോബര്‍7 ആക്രമണത്തിന് ശേഷമുള്ള യുദ്ധത്തില്‍ ഇതുവരെ 48,000 പേരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
ചൊവ്വാഴ്ച ഗാസയില്‍ ഇസ്രയേല്‍ നടത്തിയ കനത്ത ആക്രമണത്തില്‍ 400 ലധികം പേരാണ് കൊല്ലപ്പെട്ടത്. രണ്ടു മാസത്തെ വെടിനിര്‍ത്തലിന് ശേഷമാണ് മധ്യേഷ്യയില്‍ ഇസ്രയേലിന്‍റെ ആക്രമണം. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്നും ബന്ദികളെ കൈമാറുന്നത് വൈകിക്കുന്നു എന്നും ആരോപിച്ചാണ് ആക്രമണം.