ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവയായി അഭിഷിക്തനായി. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ എന്നാണ് അദ്ദേഹം അറിയപ്പെടുക. ലെബനനിലെ ബെയ്റൂട്ടിലെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. സഭയിലെ മെത്രാപ്പൊലീത്തമാർ സഹകാർമികരായി. ഇതര സഭകളുടെ അധ്യക്ഷന്മാരും പ്രതിനിധികളും ചടങ്ങിന്റെ ഭാഗമായി. കേരളത്തിലെ ദേവാലയങ്ങളിൽ ബിഗ് സ്ക്രീനുകളിൽ വിശ്വാസികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ചടങ്ങിലേക്ക് പ്രതിനിധി സംഘത്തെ അയച്ചതിന് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പാത്രിയര്‍ക്കീസ് ബാവ നന്ദി അറിയിച്ചു. ഓരോരുത്തരുടെയും പേരെടുത്തു പറഞ്ഞാണ് പാത്രിയര്‍ക്കീസ് ബാവ നന്ദി അറിയിച്ചത്.
കാതോലിക്ക ബാവയ്ക്കും സഭയ്ക്കും ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. സഭയുടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചയാളാണ് കാതോലിക്ക ബാവയെന്ന് പ്രധാനമന്ത്രി പറഞ്ഞു. യാക്കോബായ സഭയ്ക്ക് കൂടുതല്‍ മുന്നേറാന്‍ അദ്ദേഹത്തിലൂടെ സാധിക്കട്ടെയെന്നും മോദി ആശംസിച്ചു. മോദിയുടെ സന്ദേശം അല്‍ഫോന്‍സ് കണ്ണന്താനം ചടങ്ങനിടെ വായിച്ചു.