AI Generated Image
ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് അതിവേഗം സഞ്ചരിക്കാന്‍ അണ്ടര്‍വാട്ടര്‍ റെയില്‍ വരുന്നു. ദുബായില്‍ നിന്നും മുംബൈയിലേക്കുള്ള യാത്ര സമയം രണ്ട് മണിക്കൂറായി കുറയ്ക്കുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത് യുഎഇ നാഷണല്‍ അഡ്വൈസര്‍ ബ്യൂറോയാണ്. മണിക്കൂറില്‍ 600 കിലോ മീറ്റര്‍ മുതല്‍ 1000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കും.
നിലവില്‍ ദുബായില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന യാത്രയ്ക്ക് നാല് മണിക്കൂറോളമാണ് സമയമെടുക്കുന്നത്. യാത്ര സൗകര്യത്തിനൊപ്പം ക്രൂഡ് ഓയില്‍ അടക്കമുള്ള ചരക്കുനീക്കത്തിനും പദ്ധതി സഹായകമാകുമെന്നാണ് വിവരം. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ നീക്കത്തിനും തിരിച്ചുള്ള ശുദ്ധജല വിതരണവും പദ്ധതിയോടെ എളുപ്പമാകും.
സാധ്യത പഠനത്തിനും വിവിധ പരിശോധനയ്ക്ക്ും പുറമെ റെയില്‍ പദ്ധതി കടന്നുപോകുന്ന രാജയങ്ങളുടെ അനുമതിക്ക് വിധേയമായി മാത്രമെ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. പദ്ധതിയുടെ ടെക്നിക്കല്‍, എന്‍ജിനീയറിങ് വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍ ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപം ആവശ്യമായി വന്നേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്
നാഷണല്‍ അഡ്വൈസര്‍ ബ്യൂറോയുടേത് എന്ന് അവകാശപ്പെടുന്ന യൂട്യൂബ് ചാനലില്‍ വന്ന വിഡിയോയില്‍ പദ്ധതി വന്നാല്‍ എങ്ങനെ എന്ന് ചിത്രീകരിക്കുന്നുണ്ട്. യാത്രയ്ക്കിടയില്‍ കടലിനടിയിലെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ക്ക് കാണാന്‍ സാധിക്കുമെന്നാണ് വിഡിയോയില്‍ പറയുന്നത്. ദുബായിക്കും മുംബൈയ്ക്കും ഇടയില്‍ 2000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റെയിൽ ശൃംഖലയാണ് നിര്‍മിക്കേണ്ടത്. അനുമതി ലഭിച്ചാല്‍ പദ്ധതി 2030 ഓടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.