ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് മുന്നോടിയായി ഇന്ത്യ അടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വീസ വിലക്കുമായി സൗദി അറേബ്യ. ഹജ്ജ് സമാപിക്കുന്ന 2025 ജൂൺ പകുതി വരെ ഉംറ, ബിസിനസ്, ഫാമിലി, സന്ദർശന വീസകൾക്കാണ് വിലക്കുള്ളത്.
ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോര്‍ദാന്‍, അള്‍ജീരിയ, സുഡാന്‍, എത്യോപിയ, ട്യുണീഷ്യ, യെമന്‍ എന്നി രാജ്യങ്ങള്‍ക്കാണ് നിരോധനം. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിനും രജിസ്ട്രേഷൻ ഇല്ലാതെ വ്യക്തികൾ ഹജ്ജ് നിർവഹിക്കുന്നത് തടയാനുമാണ് നിരോധനം.
കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്യാത്ത തീര്‍ഥാടകരുടെ വര്‍ധനമൂലം ഹജ്ജിനിടെ വലിയ തിരക്കുണ്ടായിരുന്നു. ഇത് തടയാനാണ് നടപടി. പുതുക്കിയ നിയമപ്രകാരം ഈ വര്‍ഷത്തെ ഉംറ വീസയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 13 ആണ്. ഹജ്ജ് അവസാനിക്കുന്നത് വരെ പുതിയ ഉംറ വീസകള്‍ അനുവദിക്കില്ല.
തീര്‍ഥാടകരെ ബോധവല്‍ക്കരിക്കുന്നതിനായി 16 ഭാഷകളില്‍ ഹജ്ജ്, ഉംറ ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. ഹജ്ജ് കാലത്ത് രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് സൗദിയിലേക്ക് കടക്കുന്നതിന് അഞ്ച് വര്‍ഷ നിരോധനവും 10,000 സൗദി റിയാല്‍ പിഴയും ലഭിക്കും.