കുവൈത്തിൽ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ നാലുപേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനും വ്യവസായിയുമായ എം.എ യൂസഫലി നൽകിയ അഞ്ച് ലക്ഷം രൂപയും നോർക്ക ഡയറക്ടറും വ്യവസായിയുമായ ഡോ.രവി പിള്ള, ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫൻ എന്നിവർ നൽകിയ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ 14 ലക്ഷം രൂപയാണ് നോർക്ക മുഖേന ഓരോ കുടുംബത്തിനും നൽകിയത്. 

വർക്കല ഇടവ സ്വദേശി ശ്രീജേഷിന്റെ സഹോദരി ആരതി തങ്കപ്പന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയും നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ കുടുംബത്തിന് ഭക്ഷ്യമന്ത്രി ജി.ആർ അനിലും സഹായധനം കൈമാറി. പത്തനംതിട്ടയില്‍ കോന്നി താഴം വില്ലേജില്‍ സജു   വർഗീസിൻ്റെ ഭാര്യ ബിന്ദു അനു സജു, വാഴമുട്ടം ഈസ്റ്റില്‍ മുരളീധരൻ നായരുടെ ഭാര്യ ഗീതാ മുരളി എന്നിവര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് വീടുകളിലെത്തി ധനസഹായം കൈമാറിയത്. 

എം.എല്‍.എമാരായ വി.ജോയ്,  ജി.സ്റ്റീഫൻ, കെ.യു.ജെനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കുവൈത്ത് ദുരന്തത്തില്‍ മരിച്ച 23 പേരുടെ കുടുംബങ്ങള്‍ക്കാണ് സഹായധനം കൈമാറിയത്. ശേഷിച്ചവര്‍ക്ക് വരും ദിവസങ്ങളിൽ ധനസഹായം നൽകും.

ENGLISH SUMMARY:

Financial assistance handed over to 4 families affected by Kuwait fire.