വീസ ഏജന്റിന്റെ ചതിയിൽപ്പെട്ട് പതിനൊന്ന് ദിവസം ചൂടും തണുപ്പും സഹിച്ച്, ഭക്ഷണം പോലുമില്ലാതെ പാർക്കിൽ താമസിച്ച മലയാളി യുവാക്കൾ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് പോയി. 26, 25 വയസ്സുള്ള, തിരുവനന്തപുരം സ്വദേശികളായ സഹോദരന്മാരാണ് ദുരിതപർവം താണ്ടിയ ശേഷം ആശ്വാസത്തോടെ വിമാനം കയറിയത്.
ഇവരിൽ ഇളയ സഹോദരനെ ഒരുദിവസം പെട്ടെന്ന് താമസ സ്ഥലത്ത് നിന്ന് കാണാതാവുകയും പിന്നീട് അജ്ഞാതന്റെ മർദനമേറ്റ് ഓർമശക്തിപോലും നഷ്ടപ്പെട്ട അവസ്ഥയിൽ അല്‍ നഹ് ദയിൽ കണ്ടെത്തുകയായിരുന്നു. വല്ലാതെ ഭയന്നിരുന്ന യുവാവ് തന്റെ പേര് പോലും മറന്നുപോയിരുന്നു.രോഗിയായ പിതാവും മാതാവുമടക്കമുള്ള കുടുംബത്തിന്റെ ആശ്രയമായ മൂത്ത സഹോദരൻ 11 മാസം മുൻപാണ് ആദ്യം സന്ദർശക വീസയിൽ യുഎഇയിലെത്തിയത്. ഏറെ അലഞ്ഞെങ്കിലും ബിഎസ്‍സി കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ ഇദ്ദേഹത്തിന് ജോലി ലഭിച്ചില്ല.
കൂട്ടുകാരോടൊപ്പം ഖിസൈസിൽ താമസിച്ച് അന്വേഷണം തുടരുന്നതിനിടെ ദുബായിലെ ഒരു മലയാളി കമ്പനിയിൽ ജോലിയുണ്ടെന്ന് നാട്ടിലെ റിക്രൂട്ടിങ് ഏജൻസി അറിയിച്ചതനുസരിച്ച് ഒരു ലക്ഷം രൂപ നൽകി ഇളയ സഹോദരൻ യുഎഇയിലെത്തി.ഏജൻസിയുടെ യുഎഇയിലെ ആൾക്കാർ ജോലി ശരിയാക്കിക്കൊടുക്കും എന്നായിരുന്നു വാഗ്ദാനം. പക്ഷേ, യുവാവ് യുഎഇയിലെത്തിയെങ്കിലും അവരാരും മുന്നോട്ടുവന്നില്ല. ഇതോടെ ഇയാൾ മൂത്തസഹോദരന്റെ കൂടെ ഖിസൈസിൽ തന്നെ താമസിച്ചുവരികയായിരുന്നു. രണ്ടുപേർക്കും ജോലി ലഭിക്കാതെ കൃത്യമായി ഭക്ഷണം പോലും കഴിക്കാതെ പ്രയാസത്തിലായിരിക്കെയാണ് ഇളയസഹോദരനെ കാണാതായത്. വിവരമറിഞ്ഞ് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജൻ പ്രസിഡന്റ് ഷൈൻ ചന്ദ്രസേനൻ പ്രശനത്തിലിടപെടുകയായിരുന്നു.
സ്പെഷൽ അറേഞ്ച്മെന്റ്ദുബായ് പൊലീസിലും പരാതി നൽകിയിരുന്നു. തുടർന്നാണ് യുവാവിനെ അൽ നഹ്ദയിൽ കണ്ടെത്തിയത്. ഇരുവർക്കും വിമാന ടിക്കറ്റും മറ്റു സാമ്പത്തികസഹായവും നല്‍കി നാട്ടിലേക്ക്അയക്കുകയായിരുന്നു. ഇവര്‍ക്ക് ജോലികണ്ടെത്തികൊടുക്കാനാണ് മലയാളി അസോസിയേഷന്‍റെ തീരുമാനം.