airport-passengers
  • വിദേശത്തുപോകുമ്പോള്‍ പണി കിട്ടാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം?
  • ട്രാവല്‍ ഇന്‍ഷുറന്‍സ് എടുത്താല്‍ തട്ടുകേടില്ലാതെ തിരിച്ചുപോരാം

വിദേശ യാത്ര നടത്തുന്നവര്‍ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങള്‍ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവല്‍ ഇന്‍ഷുറന്‍സ് ഉറപ്പാക്കണമെന്ന് നോര്‍ക്ക. വിസിറ്റ് വിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷന്‍ വെഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക്  ഹ്രസ്വസന്ദര്‍ശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവല്‍ ഇന്‍ഷുറന്‍സ്.

airport-people

അപ്രതീക്ഷിത ചികിത്സാ ചെലവ്: വിദേശയാത്രയില്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം നിലയില്‍ കണ്ടെത്തുക പ്രയാസകരമായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കവറേജ് സഹായിക്കും

പരിരക്ഷ: ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയയ്ക്കുക, ഫ്‌ളൈറ്റ് റദ്ദാകുക, യാത്രയില്‍ കാലതാമസം ഉണ്ടാകുക, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പാസ്‌പോര്‍ട്ട് നഷ്ടമായാല്‍ പരാതി നല്‍കുന്നതു മുതല്‍ പുതിയതിന് അപേക്ഷിക്കുന്നതുവരെയുള്ള നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ സഹായം ലഭിക്കും.

airport-bag

പോളിസി നിബന്ധനകള്‍ മനസിലാക്കണം: വയസ്, യാത്രയുടെ കാലയളവ്, ഏതു രാജ്യത്തേക്കാണ് യാത്ര എന്നിവ അടിസ്ഥാനപ്പെടുത്തി പോളിസിയുടെ പ്രീമിയം വ്യത്യസ്തമായിരിക്കും. എന്തെല്ലാം പരിരക്ഷ നല്‍കുന്നുണ്ടെന്നു വ്യക്തമായി മനസിലാക്കി വേണം പോളിസി എടുക്കേണ്ടത്. നഷ്ടപരിഹാരത്തിനായി ഇന്‍ഷുറന്‍സ് കമ്പനിയുടെ ഹോട്ട്‌ലൈനില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കണം. ഇതിനു പുറമേ തദ്ദേശീയ പോലീസ്, എംബസി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി തുടങ്ങിയവരെയും വിവരം അറിയിക്കണം.

immigration-counter

ട്രാവല്‍ ഇന്‍ഷുറന്‍സ് വിമാനയാത്രയ്ക്കുള്ള ഇന്‍ഷുറന്‍സ് കവറേജാണെന്ന് കരുതരുത്. അത് പ്രത്യേകം പോളിസി ഉള്‍പ്പെട്ടതാണ്. നമ്മുടെ പോക്കറ്റിന് ഇണങ്ങുന്ന, ഏറ്റവും കൂടുതല്‍ കവറേജ് ലഭിക്കുന്ന, വിശ്വാസ്യതയുള്ള പോളിസികള്‍ തിരഞ്ഞെടുക്കുക. ഹാപ്പി ജേണി!

ENGLISH SUMMARY:

NORKA advises travelers to secure travel insurance for protection against unexpected hardships and losses during foreign trips. Travel insurance covers medical emergencies, baggage issues, flight cancellations, delays, and repatriation. It also aids in handling situations like passport loss, including filing complaints and reapplying. Travelers should understand policy terms, including coverage, duration, and destination-specific premiums, and promptly report incidents to insurers and relevant authorities.