സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് മേല്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് ഒരു 60കാരി. അലക്സാന്‍ഡ്ര റോഡ്രിഗസ് എന്ന് അറുപതുകാരിയാണ് അത്തരമൊരു ചരിത്രവിജയം കൈവരിച്ചത്. മിസ് യൂണിവേഴ്സ് ബ്യൂണസ് ഐറിസില്‍ കിരീടം ചൂടിയാണ് അലക്സാന്‍ഡ്ര ലോകത്തിന് മുന്നില്‍ ഒരദ്ഭുതമായി മാറിയത്. 50 കഴിഞ്ഞാല്‍ ശിഷ്ടജീവിതം എങ്ങനെയെങ്കിലും ഒക്കെ ജീവിച്ചുതീര്‍ക്കണം എന്നു ചിന്തിക്കുന്നവര്‍ക്ക് മുന്നില്‍ തന്‍റെ പ്രായം കൊണ്ട് തന്നെ മറുപടി നല്‍കുകയാണ് അലക്സാന്‍ഡ്ര. സൗന്ദര്യ മല്‍സരങ്ങള്‍ ചെറുപ്പക്കാര്‍ക്ക് മാത്രം ഉളളതാണെന്ന കാഴ്ച്ചപ്പാടിനെ തന്‍റെ നേട്ടത്തിലൂടെ പൊളിച്ചെഴുതുകയാണ് ഈ 60കാരി.
സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു അറുപതുകാരി കിരീടമണിയുന്നത്. അഭിഭാഷകയും മാധ്യമപ്രവർത്തകയുമായ അലക്സാന്‍ഡ്ര സൗന്ദര്യസങ്കല്പങ്ങളിൽ പ്രായത്തെ കുറിച്ചുള്ള എല്ലാ സാമ്പ്രദായിക സങ്കല്പങ്ങളെയും മാറ്റിമറിച്ചെന്നുവേണം പറയാന്‍. 'സൗന്ദര്യമത്സരങ്ങളിൽ ഒരു പുതിയ മാതൃകയാകുന്നതിൽ താൻ വളരെ സന്തുഷ്ടയാണ്. കാരണം, സൗന്ദര്യമത്സരങ്ങളിൽ ശാരീരിക സൗന്ദര്യം മാത്രമല്ല, മൂല്യങ്ങളും അതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അത്തരം മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന, ഞങ്ങളുടെ തലമുറയെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ആളെന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്' എന്നാണ് അലക്സാന്‍ഡ്ര തന്റെ നേട്ടത്തെ കുറിച്ച് പറഞ്ഞത്.
'എന്‍റെ തലമുറയിലെ സ്ത്രീകളെ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയുളള എന്‍റെ ആത്മവിശ്വാസവും അഭിനിവേശവും വിധികർത്താക്കൾ മനസിലാക്കിയെന്ന് കരുതുന്നു. മിസ് യൂണിവേഴ്സ് അർജന്‍റീന 2024 കിരീടത്തിനു വേണ്ടി മല്‍സരിക്കാനും ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്' എന്നും അലക്സാന്‍ഡ്ര കൂട്ടിച്ചേര്‍ത്തു. മിസ് അർജന്‍റീന' കിരീടത്തിന് വേണ്ടി മത്സരിക്കുന്ന അലക്സാന്‍ഡ്രയ്ക്ക് ഇപ്പോൾ തന്നെ നിരവധി ആരാധകരുണ്ട്. ഇതെല്ലാം തന്‍റെ മിസ് യൂണിവേഴ്സ് മത്സരത്തിനുള്ള പ്രവേശനത്തിന് വളരെയധികം സഹായകമാകും എന്നാണ് വിശ്വാസമെന്നും അലക്സാന്‍ഡ്ര പറയുന്നു.
മുന്‍പ് 18 -നും 28 -നും ഇടയിൽ പ്രായമുള്ളവരെ മാത്രമേ സൗന്ദര്യമല്‍സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ 2024 മുതല്‍ 18 വയസിന് മുകളിലുളള ഏത് പ്രായക്കാര്‍ക്കും മല്‍സരിക്കാം എന്ന തരത്തിലേക്ക് നിയമങ്ങളില്‍ മാറ്റം വരുത്തി.
60-year-old Alejandra makes history after winning Miss Universe Buenos Aires