കേരള സമൂഹത്തെ നടുക്കിയ നെന്‍മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര 36 മണിക്കൂറിനൊടുവില്‍ പൊലീസിന്‍റെ പിടിയിലായി. ഭക്ഷണം കഴിക്കാനായി വീടിന്‍റെ പരിസരത്തേക്ക് എത്തിയപ്പോഴായിരുന്നു ചെന്താമര കുടുങ്ങിയത്. വിശപ്പ് സഹിക്കാന്‍ കഴിയാത്ത ആളാണ് പ്രതിയെന്നും അതിനാല്‍ അയാള്‍ വീട്ടിലേക്ക് എത്തുമെന്ന് ഉറപ്പായിരുന്നെന്നും പൊലീസ് പറഞ്ഞു. 

'ചെന്താമരയുടെ വീടിന് മുന്നില്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് എഴുന്നേറ്റ് നില്‍ക്കാനുള്ള ആരോഗ്യം ഇല്ലായിരുന്നു. ഇനി ഭക്ഷണം വാങ്ങി കൊടുക്കണം. അയാളുടെ കയ്യില്‍ ഒരു ചരട് മാത്രമാണ് ഉണ്ടായിരുന്നത്. അത് മുറിച്ച് മാറ്റി. വിശന്നിട്ട് വയ്യ എന്തെങ്കിലും വേണം എന്നാണ് അയാള്‍ പറഞ്ഞത്. ആദ്യ കൊലപാതകത്തില്‍ പ്രതിയെ പിടികൂടാന്‍ നാല് ദിവസം എടുത്തു. ഇന്ന് ഞങ്ങള്‍ 48മണിക്കൂറിനുള്ളില്‍ പിടിച്ചു. അയാള്‍ ആരോഗ്യവാനാണ് ബിപി നോക്കി, വിഷം കഴിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചു. നാട്ടുകാരും തിരച്ചിലിന് സഹായിച്ചിരുന്നു. പക്ഷേ രാത്രിയുള്ള തിരച്ചിലിന് നാട്ടുകാരുടെ സഹായം തേടിയില്ല. അവരുണ്ടായിരുന്നെങ്കില്‍ അവനെ തല്ലിക്കൊന്നിട്ടുണ്ടാകും'-പൊലീസ് ഉദ്യോഗസ്ഥന്‍. 

നെല്ലിയാമ്പതി വനമേഖലയില്‍നിന്നാണ് ചെന്താമര പിടിയിലായത്. കൊലയ്ക്കുശേഷം പ്രതി വനമേഖലയില്‍ ഒളിച്ചിരിക്കുകയായിരുന്നു. രാത്രി ഒന്‍പതരയോടെയാണ് ചെന്താമര പിടിയിലായത്. ചെന്താമരയുടെ വീടിന് സമീപത്തുനിന്നാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടുദിവസമായി വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. വിശക്കുമ്പോള്‍ വീട്ടിലേക്കെത്തുമെന്ന് അറിയാമായിരുന്നെന്ന് പൊലീസ്. നെന്‍മാറ പൊലീസ് സ്റ്റേഷനുമുന്നില്‍ നാട്ടുകാരുടെ വലിയ പ്രതിഷേധം. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു ഇരട്ടക്കൊലപാതകം അരങ്ങേറിയത്.

ENGLISH SUMMARY:

Chenthamara, the accused in the Nenmara double murder case that shook Kerala society, was arrested by the police after 36 hours. Chenthamara was caught when he reached the premises of his house to eat food. The police said that the accused is a person who cannot bear hunger and therefore he was sure that he would reach home.