സ്വതന്ത്ര പലസ്തീനായി വാദിക്കുന്ന, പ്രവര്‍ത്തിക്കുന്ന ഹമാസിന്‍റെ തലവന്‍ ഇസ്മയില്‍ ഹനിയ ഇറാന്‍റെ തലസ്ഥാനമായ ടെഹ്‍റാനില്‍ വച്ച് കൊല്ലപ്പെടുന്നു. ഇസ്രയേലില്‍ നിന്ന് 1900 കിലോമീറ്ററിലധികം അകലെ ടെഹ്‍റാനില്‍ വച്ച് നടന്ന കൃത്യത്തിനു പിന്നില്‍ ഇസ്രയേലാണെന്ന് ഹമാസ് ആരോപിക്കുന്നു. പക്ഷേ, ഇസ്രയേല്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആരായിരുന്നു ഇസ്മയില്‍ ഹനിയ?
ഇറാന്‍റെ പുതിയ പ്രസിഡന്റായി മസൂദ് പെസഷ്കിയാന്‍ ചുമതലയേല്‍ക്കുന്നതിന്‍റെ ഭാഗമായാണ് ഹനിയ ടെഹ്റാനിലെത്തിയത്. വിവിധ ചടങ്ങുകള്‍ക്ക് ശേഷം, ഇറാന്‍ ഒരുക്കിയ സുരക്ഷയില്‍ ടെഹ്റാനിലെ താമസസ്ഥലത്തായിരിക്കെ പ്രാദേശിക സമയം രാത്രി രണ്ടുമണിയോടെ വ്യോമാക്രമണത്തില്‍ ഹനിയ കൊല്ലപ്പെട്ടു. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പക്ഷേ, ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹനിയയെ വധിക്കുമെന്ന് പ്രഖ്യാപനം നടത്തിയ ഇസ്രയേല്‍ തന്നെയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ഹമാസ് ആരോപിക്കുന്നു. അതിലുപരി ലോകം വിശ്വസിക്കുന്നു.
ഹമാസിന്‍റെ രാഷ്ട്രീയ നിലപാടുകളുടെ അവസാന വാക്കായിരുന്നു ഇസ്മയില്‍ ഹനിയ. ഖത്തര്‍, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പൂര്‍ണപിന്തുണയായിരുന്നു ഹനിയയുടെ കരുത്ത്. ഇസ്രയേലിന്‍റെ ചാരക്കണ്ണുകളില്‍ പെടാതെ ദോഹയിലിരുന്നാണ് ഹമാസിനെ ഹനിയ നിയന്ത്രിച്ചിരുന്നത്. പക്ഷേ, ഇറാനില്‍ മൊസാദിന്‍റെ കണ്ണുവെട്ടിക്കാന്‍ ഹനിയക്കായില്ല. ആ രാത്രിയെ അതിജീവിക്കാനും.
ഹനിയയെ കൊലപ്പെടുത്താന്‍ ഇസ്രയേല്‍ കാത്തിരിക്കുകയായിരുന്നു എന്നുവേണം പറയാന്‍. ഇസ്രയേലിന്‍റെ പ്രതിരോധത്തെ തകര്‍ത്ത് ഒക്ടോബര്‍ എഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ സന്തോഷവാനായി ചര്‍ച്ച നടത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഹനിയയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 1980കളുടെ അവസാനത്തോടെയാണ് ഹനിയ പലസ്തീന്‍ വിമോചന സായുധ സംഘത്തിന്‍റെ സജീവസാന്നിധ്യമാകുന്നത്. 1992 ല്‍ ആദ്യമായി നാടുകടത്തപ്പെട്ടു. ഒരു വര്‍ഷത്തിന് ശേഷം മടങ്ങിയെത്തി. 1997 ല്‍ ഹമാസ് സ്ഥാപക നേതാവ് അഹ്മദ് യാസീന്‍റെ അനുയായിയായി ചുമതലകളിലേക്ക്. 2006 വെസ്റ്റ് ബാങ്കിലും ഗാസയിലും നടത്തിയ തിരഞ്ഞെടുപ്പിനെ ഹമാസ് നേരിട്ടത് ഹനിയയുടെ നേതൃത്വത്തിലായിരുന്നു. തുടര്‍ന്ന് ഗാസ പ്രധാനമന്ത്രിയായി അവരോധിതനായെങ്കിലും പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഗാസയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു. അങ്ങനെ ഇസ്രയേലിനോട് മാത്രമല്ല പലസ്തീന്‍ ഭരണകൂടവുമായി പോലും കലഹിച്ച സംഘര്‍ഷങ്ങളുമൊക്കെ നിറഞ്ഞൊരു ജീവിതം.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് മുന്‍പും ഇസ്രയേലിന്‍റെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു ഹനിയ. അങ്ങനെയാണ് ഹനിയയുടെ മൂന്ന് മക്കളേയും ചെറുമക്കളെയുമൊക്കെ വിവിധ സമയങ്ങളിലായി ഇസ്രയേല്‍ കൊലപ്പെടുത്തിയത്. പക്ഷേ, ഇനി എന്താണെന്ന ചോദ്യം അവശേഷിക്കുന്നു. ഹമാസിനോട് ഗാസയിലെ ജനങ്ങള്‍ പോലും എതിര്‍പ്പ് പ്രകടിപ്പിച്ചുതുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പുതിയ നേതൃത്വത്തിന് മുന്നില്‍ കടുത്ത വെല്ലുവിളികളാണുള്ളത്. ഗാസയിലെങ്കിലും അവസാനവാക്കാകണമെന്ന് മാത്രമല്ല, പല്സ്തീന്‍ ഭരണത്തിലും ഇടപെടുന്ന തലത്തിലേക്ക് വളരാന്‍ ഹമാസ് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ഹനിയയുടെ അഭാവം വലിയ നഷ്ടമായിരിക്കും. പ്രായോഗികതയുടെ വക്താവായിരുന്ന ഹനിയയുടെ മരണമേല്‍പിച്ച ആഘാതം മറികടക്കാന്‍ സൗഹൃദരാഷ്ട്രങ്ങളുടെ പിന്തുണയോടെ പുതിയ നയങ്ങള്‍ ആവിഷ്കരിക്കേണ്ടിവരും. ഒപ്പം മേഖലയിലും ഈ മരണം അസ്ഥിരതകളുടേതാണ്. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വലിയ തിരിച്ചടിയാണ് ഹനിയയുടെ കൊലപാതകം. അതിനാല്‍ തന്നെ അടുത്തദിവസങ്ങളിലെ രാഷ്ട്രീയ സൈനിക നീക്കങ്ങളെല്ലാം ഏറ്റവും നിര്‍ണായകമായിരിക്കും.