വനിത ടി20 ലോകകപ്പിനൊരുങ്ങി യുഎഇ. ടിക്കറ്റ് നിരക്കുൾപ്പെടെ ടൂർണമെന്റിന്റെ വിശദാംശങ്ങൾ ഐസിസി പങ്കുവച്ചു. ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന ടൂർണമെന്റിൽ പത്ത് ടീമുകളാണ് അണിനിരക്കുന്നത്. ഇന്ത്യൻ ടീമിൽ ഇക്കുറി രണ്ട് മലയാളികളാണ് ഇടം പിടിച്ചിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്തയുമായാണ് വനിത ടി20 ലോകകപ്പിന് യുഎഇ വേദിയാകുന്നത്. അഞ്ച് ദിർഹം മുതൽ ടിക്കറ്റ് ലഭിക്കും. 18 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് അലഡൈസ് പ്രഖ്യാപിച്ചു. 

മാച്ച് ടിക്കറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ T20WorldCup.com-ൽ റജിസ്റ്റർ ചെയ്യണം.  പത്ത് ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിൽ എ ഗ്രൂപ്പിൽ മൽസരിക്കുന്നത്  ആറ് തവണ ചാംപ്യൻമാരായ ഓസ്ട്രേലിയക്കൊപ്പം ഇന്ത്യ , ന്യൂസിലൻഡ്, പാക്കിസ്ഥാൻ , ശ്രീലങ്ക എന്നിവരാണ്. ഇന്ത്യൻ ടീമിൽ  തിരുവനന്തപുരം സ്വദേശി ആശ ശോഭനയും വയനാട്ടുകാരി സജന സജീവനും ഇടം പിടിച്ചിട്ടുണ്ട്.

ആദ്യമായാണ് രണ്ട് മലയാളികൾ ഒരുമിച്ച് ടീമിൽ കളിക്കാനിറങ്ങുന്നത്. അതേസമയം ബി ഗ്രൂപ്പിൽ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സ്കോട്ലൻഡ് എന്നിവർ അണിനിരക്കും. ലോകമെമ്പാടുമുള്ള മികച്ച വനിതാ ക്രിക്കറ്റ് താരങ്ങൾ ടി20 ഫോർമാറ്റിലെ ഏറ്റവും വലിയ സമ്മാനത്തിനായി മൽസരിക്കുന്നതിന് ആദ്യമായി ഗൾഫ് വേദിയാകും . ദുബായിലും ഷാർജിയിലുമായാണ് മൽസരങ്ങൾ നടക്കുക.  ഒക്ടോബർ 20നാണ് ഫൈനൽ.  ലോകത്തെ മുഴുവൻ പ്രതിനിധാനം ചെയ്യുന്ന യുഎഇ ടൂർണമെന്റിന് വേദിയാകുന്നതോടെ എല്ലാ ടീമുകൾക്കും ഹോം ഗ്രൗണ്ടിൽ കളിക്കുന്ന പ്രതീതി ആയിരിക്കുമെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടിവ് ജെഫ് അലഡൈസ് അറിയിച്ചു.  അഞ്ഞൂറിലേറെ പെൺകുട്ടികളെ ടൂർണമെന്റിന്റെ ഭാഗമാക്കാൻ ക്രിയോ ഫെസ്റ്റിവലുകൾ സംഘടിപ്പിക്കും.  ദുബായ് സ്പോർട്സ് കൗൺസിലും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ചേർന്നായിരിക്കും പ്രവർത്തനമെന്നും അലഡൈസ് അറിയിച്ചു.  ടൂർണമെന്റിനോട് അനുബന്ധിച്ച് ബുർജ് ഖലീഫയിൽ നടന്ന ലേസർ ഷോയുടെ ദൃശ്യങ്ങളും അദ്ദേഹം റിലീസ് ചെയ്തു. 

ENGLISH SUMMARY:

UAE prepares for Women's T20 World Cup, ticket prices