പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി യു.എ.ഇയിൽ നിന്നുമുള്ള പ്രവാസി സംഘടനാ പ്രതിനിധികൾ. വിദേശത്ത് വച്ച് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിമാനനിരക്ക് കുറയ്ക്കണമെന്നും വിദേശ യാത്രയ്ക്ക് മുമ്പ് യാത്രാവിവരങ്ങൾ കസ്റ്റംസിന് കൈമാറണമെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്നും സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.
പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ അടിയന്തരമായി ഇടപെടമെന്ന് ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രവാസി പ്രതിനിധികൾ കേന്ദ്രസർക്കാരിനെ സമീപിച്ചത്. ഭുനേശ്വറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യമന്ത്രി എസ് ജയശങ്കറിനും നിവേതനം നൽകി. വിമാനയാത്രക്കാരുടെ വിവരങ്ങൾ 24 മണിക്കൂർ മുൻപ് കസ്റ്റംസിന് കൈമാറണമെന്ന ചട്ടം പുനപരിശോധിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
വിദേശത്ത് വച്ച് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഉയർന്ന നിരക്കാണ് എയർ ഇന്ത്യ വാങ്ങുന്നത്. എയർ അറേബ്യ 1910 ദിർഹം വാങ്ങുമ്പോൾ 3500 ദിർഹത്തോളമാണ് എയർഇന്ത്യ വാങ്ങുന്നത്. ഇത് കുറയ്ക്കണമെന്നും കഴിയുമെങ്കിൽ സൗജന്യമായി സേവനം ലഭ്യമാക്കണമെന്നും പ്രതിനിധികൾ നിവേതനത്തിൽ ആവശ്യപ്പെട്ടു. അമിത വിമാനയാത്രാനിരക്ക്, പ്രവാസികളുടെ മക്കളുടെ പഠനം, വീസ തുടങ്ങിയ വിഷയങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.