കവി ടി ഉബൈദിന്റെ സ്മരണക്കായ് ഇക്കുറിയും സാഹിത്യ ശ്രേഷ്ഠ അവാർഡ് നൽകാനൊരുങ്ങി ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി. പ്രശംസാ പത്രവും 50,001 രൂപയും അടങ്ങുന്നതാണ് അവാർഡ്. കേരളത്തിൽ വിദ്യാഭ്യാസ രംഗത്തും മലയാള സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്തിയെയാണ് അവാർഡിനായി തിരഞ്ഞെടുക്കുന്നത്. സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ കണ്ടെത്തുക. കഴിഞ്ഞ വർഷം സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണനാണ് പുരസ്കാരത്തിന് അർഹനായത്. കവിയെ അനുസ്മരിക്കാനും അതിലൂടെ പുതുതലമുറയ്ക്ക് സാംസ്കാരികമായ അവബോധം ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്ന് കമ്മിറ്റി അറിയിച്ചു.