തൊഴില്‍ തേടിയുളള കുടിയേറ്റത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1970തുകളില്‍ ഗള്‍ഫ് കുടിയേറ്റം തുടങ്ങി എന്നാണ് ചരിത്രം. എന്നാല്‍ അഞ്ച് പതിറ്റാണ്ടു പിന്നിടുമ്പോള്‍ ഗള്‍ഫ് നാട്ടിലെ മലയാളികള്‍ യൂറോപ്പ് ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവരിലേറെയും. അതുകൊണ്ടുതന്നെ യൂറേപിലെ ആരോഗ്യ മേഖലയില്‍ ആവശ്യമുളള കോഴ്‌സുകളും പരിശീലനങ്ങളും നടത്തുന്ന മലയാളികളുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് സൗദി അറേബ്യ. യൂറോപ്പ് സ്വപ്നം കാണുന്ന പ്രവാസികളുടെ വിശേഷങ്ങള്‍.
ലോകത്തെ ഏറ്റവും വലിയ കുടിയേറ്റങ്ങളിലൊന്ന് മലയാളികളുടെ ഗള്‍ഫ് നാടുകളിലേക്കുളള തൊഴില്‍ തേടിയുളള യാത്രയാണ്. കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ രംഗങ്ങളില്‍ ഇത് വന്‍ മുന്നേറ്റമാണ് സൃഷ്ടിച്ചത്. ഇന്ന് ആറ് ജിസിസി രാജ്യങ്ങളിലായി 89 ലക്ഷം ഇന്ത്യന്‍ പൗരന്‍മാര്‍ താമസിക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇതില്‍ 70 ശതമാനം മലയാളികളുണ്ടെന്നാണ് കണക്ക്. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ 217 ഇന്ത്യന്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ പഠിക്കുന്ന 50 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ മലയാളികളാണ്. വേള്‍ഡ് ബാങ്കിന്റെ കണക്കു പ്രകാരം 13.2 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ജിസിസി രാജ്യങ്ങളില്‍ പഠിക്കുന്നത്. ഇതില്‍ 65,000ത്തിലധികം വിദ്യാര്‍ഥികള്‍ സൗദി അറേബ്യയിലാണുളളണ്. പ്ലസ് ടൂ കഴിയുന്ന വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം യൂറോപ്, കാനഡ എന്നിവിടങ്ങളില്‍ ഉന്നത പഠനം നടത്താന്‍ ആഗ്രഹിക്കുന്നവരാണ്. ഇവര്‍ ഇംഗ്‌ളീഷ് ഭാഷാ പരിജ്ഞാനം പരിശോധിക്കുന്ന ഐഇഎല്‍ടിഎസ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയാല്‍ മാത്രമേ വിദേശ രാജ്യങ്ങളില്‍ ഉന്നത പഠനം സാധ്യമാവുകയുളളൂ. അതുകൊണ്ടുതന്നെ പ്ലസ് ടൂ പഠനത്തോടൊപ്പം ഒട്ടേറെ മലയാളി വിദ്യാര്‍ഥികളാണ് ഐഇഎല്‍ടിഎസ് പരിശീലിക്കുന്നത്.
സൗദി ആരോഗ്യ മേഖലയില്‍ സേവനം അനുഷ്ഠിക്കുന്ന ഡോക്ടര്‍മാരില്‍ 50 ശതമാനവും നഴ്‌സുമാരില്‍ 37 ശതമാനവും വിദേശികളാണ്. രാജ്യത്തെ വിദേശ നഴ്‌സുമാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. സൗദി ആരോഗ്യമന്ത്രാലയത്തില്‍ നഴ്‌സ് തസ്തികയില്‍ ജോലി നേടാന്‍ എളുപ്പമാണ്. ഇവിടെ അഞ്ചും പത്തും വര്‍ഷം തൊഴില്‍ പരിചയമുളള മലയാളി നഴ്‌സുമാരിലേറെയും യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴില്‍ അന്വേഷിക്കുന്ന തിരക്കിലാണ്. സൗദിയില്‍ മലയാളി നഴ്‌സുമാരില്ലാത്ത ആശുപത്രി ചുരുക്കമാണ്. ഓരോ ആശുപത്രിയില്‍ നിന്നും ആഴ്ചയില്‍ ഒരാളെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പോകുന്നുണ്ടെന്നാണ് സൗദിയിലെ നഴ്‌സസ് കൂട്ടായ്മ പറയുന്നത്. പങ്കാളി, മക്കള്‍ എന്നിവരെ ഒപ്പം കൂട്ടാന്‍ കഴിയാത്തതും യൂറോപ്പിലെ മികച്ച ജീവിത സാഹചര്യങ്ങളുമാണ് പലരേയും വീണ്ടും മറ്റൊരു കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നത്.
നേരത്തെ ജോലി, വീസ എന്നിവ നേടാന്‍ ഐഇഎല്‍ടിഎസ് ജനറല്‍ കാറ്റഗറി പരീക്ഷ എഴുതാന്‍ സൗദിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ നഴ്‌സിംഗ് തസ്തികയില്‍ തൊഴില്‍ കണ്ടെത്തുന്നതിന് ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് അഥവാ ഒഇടി സൗദിയില്‍ എഴുതാന്‍ സെന്റര്‍ ആരംഭിച്ചതോടെ നഴ്‌സുമാര്‍ക്ക് അനുഗ്രമഹായി. മാത്രമല്ല യുകെ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സൗദിയില്‍ നിന്നു തന്നെ നേടാന്‍ അവസരവും ലഭിച്ചു. ഇതോടെ കൂടുതല്‍ നഴ്‌സുമാരാണ് യുകെ, ഐയര്‍ലന്റ് എന്നിവിടങ്ങളിലേക്കു പോകുന്നത്.
സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ ഡോക്ടര്‍മാരും മറ്റൊരു ലക്ഷ്യസ്ഥാനം തേടുകയാണ്. ആരോഗ്യ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. രാജ്യത്തെ മെഡിക്കല്‍ കോളെജുകളിലും വിദേശ രാജ്യങ്ങളില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി മടങ്ങിയവര്‍ക്കും തൊഴില്‍ കണ്ടെത്തണം. ഇതിന്റെ ഭാഗമായി ചില വിഭാഗങ്ങളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കിയിട്ടുണ്ട്. ഇത് മറ്റൊരു രാജ്യത്തേക്ക് കുടിയേറാന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യം മനസ്സിലാക്കി മലയാളി ഡോക്ടറുടെ നേതൃത്വത്തില്‍ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ പ്രഫഷണല്‍ രജിസ്‌ട്രേഷന്‍ നേടുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ശില്പശാലകളും സൗദിയില്‍ ആരംഭിച്ചുകഴിഞ്ഞു.
യുകെയില്‍ പോയി എഴുതേണ്ട മെമ്പര്‍ഷിപ്, ഫെലോഷിപ് കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ സൗദിയില്‍ പരീക്ഷാ കേന്ദ്രമുണ്ട്. കഴിഞ്ഞദിവസം ഗൈനക്കോളജി വിഭാഗത്തില്‍ ഐയര്‍ലന്റ് റോയല്‍ കോളെജ് ഓഫ് ഫിസിഷ്യന്‍സ് അംഗത്വത്തിനുളള എംആര്‍സിപിഐ പരിശീലനത്തില്‍ ഒട്ടേറെ വിദേശ ഡോക്ടര്‍മാരാണ് പങ്കെടുത്തത്.
ഹെല്‍ത്ത് പ്രഫഷണല്‍സിന് രാജ്യാന്തര രംഗത്ത് ആവശ്യമായ ഒട്ടേറെ കോഴ്‌സുകള്‍ ലഭ്യമാണ്. കേരളത്തില്‍ നോര്‍ക്ക റൂട്‌സ്, ഒഡേപെക് എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇവര്‍ ഐഎല്‍ടിഎസ്, ഒഇടി, ജര്‍മന്‍ ഭാഷ എന്നിവയില്‍ മാത്രമാണ് പരിശീലനം നല്‍കുന്നത്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരമുളള കൂടുതല്‍ കോഴ്‌സുകളില്‍ പരിശീലനം നല്‍കിയാല്‍ നേട്ടമാകും.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ മികച്ച പരിശീലനമാണ് ലഭിക്കുന്നത്. എന്നാല്‍ പലപ്പോഴും രോഗികളോടുളള മനോഭാവം, കരുതല്‍ എന്നിവയില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല. വിദേശ രാജ്യങ്ങളില്‍ രോഗികള്‍ക്കാണ് പരിഗണന. അതുകൊണ്ടുതന്നെ ആതുര സേവന രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ നൈപുണ്യ വികസനത്തിനുളള പരിശീലനങ്ങളില്‍ പെരുമാറ്റത്തിനും മുന്‍ഗണന നല്‍കുന്നു.
സൗദിയില്‍ നടപ്പിലാക്കുന്ന വിഷന്‍ 2030 പ്രകാരം ആരോഗ്യ മേഖലയുടെ സമഗ്ര പരിവര്‍ത്തനം ലക്ഷ്യമാക്കി 2021ല്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ സുപ്രധാനമാണ് സ്വദേശിവത്ക്കരണം. മറ്റു മേഖലകളിലും സ്വദേശിവത്ക്കരണം സജീവമാണ്. 1980ല്‍ കുടിയേറിയ മലയാളികളുടെ രണ്ടാം തലമുറയാണ് സൗദി ഉള്‍പ്പെടെയുളള ഗള്‍ഫ് നാടുകളിലുളളത്. എന്നാല്‍ അടുത്ത തലമുറ ഒരുപക്ഷേ ഗള്‍ഫ് ഉപേക്ഷിച്ച് യൂറോപ്പ്, അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കാകും കുടിയേറുക. ഇതു കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക ഘടനയെ ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.