TOPICS COVERED

ഡൽഹി - അബുദാബി ഐഐടി ക്യാംപസിൽ ഈ അധ്യയനവർഷത്തേക്കുള്ള പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു. കംപയിൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (CAET) ജൂൺ 23ന് നടക്കും. സിഎഇടിക്ക് പുറമെ  ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ വഴിയും പ്രവേശനം നേടാം. കംപയിൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ്- ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ- എന്നീ രണ്ടു രീതികളിലൂടെയാണ് ഡൽഹി ഐഐടിയുടെ അബുദാബി ക്യാംപസിലേക്കുള്ള പ്രവേശനം. ഇതിൽ കംപയിന്റ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റിന്റെ വിശദാംശങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കും യുഎഇ സ്വദേശികൾക്കും ഒസിഐ കാർഡുള്ളവർക്കും അപേക്ഷിക്കാം.  ജൂൺ 23ന് നടക്കുന്ന പരീക്ഷയ്ക്ക്  ദുബായ്, അബുദാബി, ഷാർജ എന്നിവടങ്ങളിലായാണ് പരീക്ഷാകേന്ദ്രങ്ങളെന്നും അധികൃതർ അറിയിച്ചു. ജൂൺ മൂന്ന് മുതൽ  ഓൺലൈനായി അപേക്ഷിക്കാം. 300 ദിർഹമാണ് രജിസ്ട്രേഷൻ ഫീസ്. ജൂൺ പതിനാല് മുതൽ അഡ്മിഷൻ കാർഡ് വിതരണം ചെയ്യും.

 അതേസമയം ജോയിന്റ് എൻട്രൻസ് എക്സാമിനേഷന്റെ മാനദണ്ഡങ്ങളും വിശദാംശങ്ങളും വെബ് സൈറ്റിൽ ലഭ്യമായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, എനർജി സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ കോഴ്സുകളാണ് ഈ വർഷം അബുദാബി ഐഐടി ക്യാംപസിൽ തുടങ്ങുന്നത്.

2022 ലാണ് യുഎഇയിൽ ഐഐടി ക്യാംപസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായത്. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പുമായി സഹകരിച്ചാണ് ഡൽഹി ഐഐടി പദ്ധതി നടപ്പാക്കുന്നത്.