റജിസ്ട്രേഷന്‍ പുതുക്കാത്ത വാഹനങ്ങളുമായി പുറത്തിറങ്ങിയാൽ പിഴ; റാസല്‍ഖൈമയിൽ സ്മാർട് ക്യാമറകളുമായി പൊലീസ്
റാസല്‍ഖൈമയിൽ വാഹന റജിസ്ട്രേഷന്‍ പുതുക്കാത്തവരെ കണ്ടെത്താൻ സ്മാർട് ക്യാമറകളുമായി പൊലീസ്. റജിസ്ട്രേഷന്‍ പുതുക്കാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നിയമലംഘനം രേഖപ്പെടുത്തി ക്യാമറകൾ പിഴ ചുമത്തും. നമ്പര്‍ പ്ലേറ്റ് നിരീക്ഷിച്ച് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം ക്യാമറകൾ തന്നെ പിഴയും ചുമത്തും. മറ്റ് എമിറേറ്റുകളിലെ പ്ലേറ്റ് നമ്പറുള്ള വാഹനങ്ങൾക്കെതിരെ പിഴ ചുമത്താനും സ്മാർട് ക്യാമറ സംവിധാനത്തിന് സാധിക്കും.
യുഎഇയിൽ എല്ലാവർഷവും വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കണം. അതുവരെയുള്ള പിഴകളെല്ലാം അടച്ചതിന് ശേഷം മാത്രമേ റജിസ്ട്രേഷൻ പുതുക്കാനും കഴിയൂ. റജിസ്ട്രേഷൻ പുതുക്കേണ്ട സമയം കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കിൽ 500 ദിർഹമാണ് പിഴ. 90 ദിവസം കഴിഞ്ഞും റജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ വാഹനം കണ്ടുകെട്ടുകയും ചെയ്യാം. ഡ്രൈവർക്ക് നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഇത്തരം നിയമലംഘനങ്ങൾ ഇനി സ്മാർട്ടായി കണ്ടെത്താനാകുമെന്നതാണ് സ്മാർട്ട് ക്യാമറകൾ കൊണ്ടുള്ള ഗുണം.
റജിസ്ട്രേഷൻ പുതുക്കേണ്ട തീയതി കഴിഞ്ഞ് 40 ദിവസം കഴിഞ്ഞും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നിയമലംഘനങ്ങളാണ് ക്യാമറകള്‍ രേഖപ്പെടുത്തുക. വാഹന റജിസ്ട്രേഷനും ഇൻഷുറൻസും കൃത്യസമയത്ത് പുതുക്കണമെന്ന് പൊലീസ് വാഹനമോടിക്കുന്നവരോട് നിർദേശിച്ചു. അതേസമയം കാലാവധിക്ക് ശേഷം റജിസ്ട്രേഷന്‍ പുതുക്കാൻ ഒരു മാസത്തെ ഗ്രേസ് പിരീഡ് വാഹന ഉടമകൾക്ക് ലഭിക്കും.