oman-driving

സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ ഇനി ഒമാനിലും വാഹനമോടിക്കാം. സന്ദർശക വീസയിലെത്തുന്ന വിദേശികൾക്കായി ഗതാഗതനിയമത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ് ഒമാൻ. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.

രാജ്യത്തെത്തുന്ന വിദേശവിനോദസഞ്ചാരികൾക്ക് സുരക്ഷിതവും സുഗമമവുമായ യാത്രാ അനുഭവം നൽകാൻ ലക്ഷ്യമിട്ടാണ് റോയൽ ഒമാൻ പൊലീസിന്റെ നടപടി. സ്വന്തം രാജ്യത്ത് ഡ്രൈവിങ് ലൈസൻസുള്ള വിദേശികൾക്ക് മൂന്നുമാസം വരെ ഒമാനിൽ വാഹനമോടിക്കുന്നതിന് നിയമതടസങ്ങളില്ല. സന്ദർശക വീസയിലെത്തുന്ന വിനോദസഞ്ചാരിയായിരിക്കണം എന്ന് മാത്രം. 

ട്രാൻസിറ്റ് യാത്രക്കാർക്കും ഇത്തരത്തിൽ രാജ്യത്ത് വാഹനമോടിക്കാമെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. എന്നാൽ മൂന്ന് മാസത്തിൽ കൂടുതൽ ഇളവ് അനുവദിക്കില്ല.  രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്ന് മുതൽ മൂന്ന് മാസത്തെ കാലാവധി തുടങ്ങും. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷന് സമാനമായ അംഗീകൃത സംഘടനകൾ നൽകുന്ന രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കും ഇത്തരത്തിൽ മൂന്നുമാസത്തേക്ക് രാജ്യത്ത് വാഹനമോടിക്കുന്നതിന് തടസമില്ല.  രാജ്യാന്തര വിനോദസഞ്ചാരികളെ ഒമാനിലേക്ക് ആകർഷിക്കാൻ പുതിയ നിയമഭേദഗതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.  

ENGLISH SUMMARY:

Oman eases driving rules for foreign tourists with home-country licences