യുഎഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിന് നിന്ന് വീണ് മലയാളി യുവതി മരിച്ചു. കൊല്ലം നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനൻ ആണ് മരിച്ചത്. 28 വയസായിരുന്നു. റാസൽഖൈമയിൽ ഹോട്ടൽ ജീവനക്കാരിയായിരുന്നു ഗൗരി. റാക് മോളിന് മുൻവശത്തെ 15 നില കെട്ടിടത്തിന്‍റെ ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്നാണ് താഴേയ്ക്ക് വീണത്.
ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്ക് കൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം കെട്ടിടത്തിന് മുൻപിൽ കാത്തുനിൽക്കുമ്പോഴാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. വര്‍ഷങ്ങളായി റാസ് അൽ ഖൈമയിലെ പ്രവാസികളായ കുടുംബത്തിലെ അഞ്ച് മക്കളിലൊരാളാണ് ഗൗരി. മൂന്ന് സഹോദരിമാരും ഒരു സഹോദരനും റാസൽഖൈമയിലാണ് ജോലി ചെയ്യുന്നത്. പിതാവ് കൊല്ലം സ്വദേശിയും മാതാവ് ശ്രീലങ്കൻ സ്വദേശിനിയുമാണ്. മൃതദേഹം റാസ് അൽ ഖൈമ ശ്മശാനത്തിൽ സംസ്കരിച്ചു.