ആറ്റുകാൽ പൊങ്കാലയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല ഇടാനായതിന്റെ നിർവൃതിയിലാണ് യുഎഇയിലെ വിശ്വാസികൾ. അജ്മാനിൽ ഒരുക്കിയ പൊങ്കാല മഹോൽസവത്തിൽ രാജ്യത്തിന്റെ വിവിധ എമിറേറ്റുകളിൽ നിന്നായി ഒട്ടേറെപേരാണ് എത്തിയത്. കഴിഞ്ഞ ഒരുപതിറ്റാണ്ടിലേറെയായി ആറ്റുകാൽ അമ്മ പ്രവാസി സമിതിയുടെ നേതൃത്വത്തിലാണ് പൊങ്കാല മഹോൽസവം സംഘടിപ്പിച്ച് വരുന്നത്.
അനന്തപുരിയിലെ ആറ്റുകാൽ പൊങ്കാലയ്ക്ക് സമാനമായിരുന്നു എല്ലാം. ആറ്റുകാല്‍ ക്ഷേത്രത്തിന്റെ മാതൃകയില്‍ താത്കാലിക ക്ഷേത്രവും കെട്ടിയുണ്ടാക്കിയിരുന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പൊങ്കാല കലങ്ങൾ ഒരുങ്ങി.
ഇത് പതിനൊന്നാമത്തെ വർഷമാണ് ആറ്റുകാൽ പൊങ്കാല മഹോൽസവം അജ്മാനിൽ സംഘടിപ്പിക്കുന്നത്. എന്നാൽ ഇങ്ങനൊന്ന് ഇതാദ്യം. പണ്ടാര അടുപ്പിന് പുറമെ 75 പേർ ആദ്യമായി യുഎഇയിൽ പൊങ്കാല അർപ്പിച്ചു. തലേന്ന് വൈകുന്നേരം ഭഗവതി സേവയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഭജന , അത്താഴ സദ്യ എന്നിവ നടന്നു.
പുലർച്ചെ മുതൽ പൊങ്കാല അരി സമർപ്പണവും തുടർന്ന് ലളിതാ സഹസ്ര നാമ ലക്ഷാർച്ചനയും താലപ്പൊലി ഘോഷയാത്രയും ശുദ്ധ പുണ്ണ്യാഹവും അരങ്ങേറി. ഉച്ചയോട് കൂടി പണ്ടാര അടുപ്പിലേക്കു തീപകർന്നു. ആറ്റുകാൽ ക്ഷേത്രത്തിലേതിന് സമാനമായി എല്ലാ ആചാരങ്ങളോടും ചിട്ടവട്ടങ്ങളോടും പൊങ്കാല അർപ്പിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു വിശ്വാസികളും
ആറ്റുകാൽ മുൻ മേൽശാന്തി ബ്രഹ്‌മശ്രീ ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്. നാട്ടിലെ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മാസം കൂടിയുണ്ടെങ്കിലും അതിന് മുൻപ് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ കിട്ടിയ അവസരം പുണ്യമായി കരുതുകയാണ് ഇവിടുത്ത വിശ്വാസികൾ. രാജ്യത്തിനകത്തും പുറത്തും നിന്നുമായി ഒട്ടേറെപേരാണ് പൊങ്കാല അർപ്പിക്കാനും മഹോൽസവത്തിൽ പങ്കുചേരാനുമായി എത്തിയത്.
അന്യദേശത്താണെങ്കിലും പൊങ്കാലയെ ആത്മസമർപ്പണമായിക്കാണുന്ന ഭക്തർ അജ്മാനിൽ ഒരുമിച്ചു കൂടുകയായിരുന്നു. പുഷ്പാഭിഷേകം , ദീപാരാധന എന്നിവയ്ക്കു ശേഷം ഗുരുതി സമർപ്പണത്തോടെ ഉൽസവ പരിപാടികൾക്ക് സമാപനമായത്.