അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും കോടികള്‍ നേടി മലയാളി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പരമ്പര 269 ൽ ഷാർജയിൽ താമസിക്കുന്ന മലയാളിക്ക് 57 കോടിയിലേറെ രൂപ (25 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചു. അരവിന്ദ് അപ്പുക്കുട്ടൻ എന്നയാളുടെ പേരിൽ ടിക്കറ്റെടുത്ത 20 അംഗ സംഘത്തിനാണ് സമ്മാനം. സമ്മാനത്തുക ഇവര്‍ പങ്കിട്ടെടുക്കും.
ഷാർജയിൽ സെയിൽസ്മാനായ അരവിന്ദ് കഴിഞ്ഞ രണ്ട് വർഷമായി ടിക്കറ്റ് വാങ്ങുന്നുണ്ട്. നവംബർ 22 ന് വാങ്ങിയ 447363 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പണം എങ്ങനെ ചെലവഴിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്മാനം നേടിയതിനെക്കുറിച്ച് പറയാൻ സുഹൃത്ത് വിളിച്ചപ്പോള്‍ വിശ്വസിക്കാനായില്ലെന്നും അരവിന്ദ് പറയുന്നു.
2024 ലെ അവസാന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് അരവിന്ദ് അപ്പുക്കുട്ടന്‍ കോടികള്‍ നേടിയത്. അരവിന്ദിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹവും കെട്ടിട നിർമാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിർഹവും സമ്മാനം നേടി. ഇദ്ദേഹം തന്റെ 17 കൂട്ടുകാരുമായി സമ്മാനം പങ്കിടും. ഇതുകൂടാതെ, മലയാളിയായ ആകാശ് രാജ് 70,000 ദിർഹവും സമ്മാനം നേടി.