TOPICS COVERED

തൊഴിലാളികൾക്ക് അഞ്ച് ലക്ഷം ദിർഹത്തിന്‍റെ സമ്മാനങ്ങൾ വിതരണം ചെയ്ത് ദുബായിൽ പുതുവൽസരാഘോഷം. താമസ കുടിയേറ്റ വകുപ്പാണ് തൊഴിലാളികൾക്കായി ആഘോഷം സംഘടിപ്പിച്ചത്. പ്രധാന വേദിയായ അൽ ഖൂസിൽ മാത്രം പതിനായിരത്തിലേറെ പേർ പങ്കെടുത്തു. തൊഴിലാളികളുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനും അവരെ ആദരിക്കുന്നതിനായാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് വർണാഭമായ പുതുവൽസരാഘോഷം ഒരുക്കിsയത്. നിങ്ങളുടെ നേട്ടങ്ങൾ ആഘോഷിച്ച്, ഞങ്ങൾ ഭാവി കെട്ടിപ്പടുക്കുന്നു" എന്ന  പ്രമേയത്തിലായിരുന്നു ആഘോഷം. അഞ്ച് കേന്ദ്രങ്ങളിലായി പതിനായിരങ്ങൾ പരിപാടിയിൽ പങ്കാളികളായി. 

നടിയും മോഡലുമായ  പൂനം പാണ്ഡെ, ഗായിക കനിക കപൂർ, നടന്മാരായ  റോമൻ ഖാൻ, വിശാൽ കോട്ടിയൻ, ഗായകൻ  രോഹിത് ശ്യാം റൗട്ട്  തുടങ്ങിയവരുടെ കലാ പ്രകടനം ആഘോഷരാവിന് ആവേശം പകർന്നു. അക്രോബാറ്റിക് ഡിസ്പ്ലേകൾ ഉൾപ്പെടെ ശ്രദ്ധേയമായ 17 കലാപ്രകടനങ്ങൾ വേദിയിൽ അരങ്ങേറി. 

200ൽ ഏറെ വിജയികൾക്ക് കാറുകൾ, സ്വർണനാണയങ്ങൾ, ഇ- സ്കൂട്ടറുകൾ, വിമാന ടിക്കറ്റുകൾ മൊബൈൽ ഫോണുകൾ  തുടങ്ങിയവ   സമ്മാനമായി നൽകി. ദുബായിയുടെ വിജയഗാഥയുടെ അഭിവാജ്യ ഘടകമായ തൊഴിലാളികളോടുള്ള നന്ദി സൂചകമായാണ് പരിപാടി ഒരുക്കിയതെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.  

താമസ കുടിയേറ്റ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, ജി ഡി ആർ എഫ് എ ദുബായുടെ വർക്ക് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഡോ. അലി അബ്ദുള്ള ബിൻ അജിഫ്, ലഫ് കേണൽ ഖാലിദ് ഇസ്മായിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈകിട്ട് 4 മണിക്ക് തുടങ്ങിയ പരിപാടി  പുലർച്ച വരെ നീണ്ടുനിന്നു .  ഡയറക്ടറേറ്റിലെ നൂറിലധികം സന്നദ്ധ പ്രവർത്തകരാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചത്. സുരക്ഷ ഉറപ്പാക്കാൻ നാല്  പൊലീസ് പട്രോളിങ്ങും  80 ഉദ്യോഗസ്ഥരും    രംഗത്ത് ഉണ്ടായിരുന്നെന്നും അധികൃതർ അറിയിച്ചു.

ENGLISH SUMMARY:

Car, gold coin, e-scooter; Workers receive gifts worth 5 lakh dirhams for New Year celebration.