30 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്, ജന്മനാട്ടിലേക്ക് മടങ്ങാനിരിക്കവേ മലയാളി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ മാടൻവിള സ്വദേശി കൊച്ചുതിട്ടവീട്ടിൽ ഷംസുദ്ദീനാണ് (59) അബുദാബിയിൽ വെച്ച് മരിച്ചത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി കേരളത്തിലേക്ക് പോകാനിരിക്കവെ, സാധനങ്ങൾ വാങ്ങാനായി ഹൈപ്പർമാർക്കറ്റിലേക്ക് പോയ ഷംസുദ്ദീന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.ഹൈപ്പർമാർക്കറ്റിൽ വെച്ച് കുഴഞ്ഞ് വീണ ഷംസുദ്ദീനെ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബുദാബിയിലെ സ്വകാര്യ കമ്പനിയിലായിരുന്നു 30 വർഷമായി ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജീവിതത്തിന്റെ ബാക്കിയുള്ള കാലം ഭാര്യയോടും മക്കളോടുമൊപ്പം കഴിയാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് ഷംസുദ്ദീൻ യാത്രയായത്. ഭാര്യ: നദീറ. മക്കൾ: ഫർസാന, അർഫാൻ.