airport-file

യുഎഇയിൽ ഓൺ അറൈവൽ വീസയിലെത്തുന്ന ഇന്ത്യക്കാർക്ക് പുതിയ മാർഗ നിർദ്ദേശവുമായി താമസ കുടിയേറ്റ വകുപ്പ്. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിടങ്ങളിലെ റസീഡൻസ് വീസയുള്ളവ‍ർ ആദ്യം ഓൺലൈനിൽ അപേക്ഷിക്കണം. അതേസമയം ഇന്ത്യയിൽ നിന്നും സന്ദർശക വിസയിൽ എത്തുന്നവർക്കുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാൻ എയർലൈനുകൾ പരിശോധന കർശനമാക്കി.

അമേരിക്കൻ ഗ്രീൻ കാർഡും യുകെ യൂറോപ്യൻ യൂണിയൻ റസിഡന്റസ് വീസയും ഉള്ള അർഹരായ ഇന്ത്യക്കാർക്ക് നേരത്തെ യുഎഇ വിമാനത്താവളങ്ങളിൽ നിന്ന് വീസ ഓൺ അറൈവൽ അനുവദിച്ചിരുന്നു. ഇമിഗ്രേഷൻ കൗണ്ടറിൽ നിന്ന് തന്നെ സ്റ്റാംപ് ചെയ്ത് നൽകുകയായിരുന്നു പതിവ്. എന്നാൽ ഇനി മുതൽ വീസ ലഭിക്കണമെങ്കിൽ ആദ്യം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. പാസ്പോർട്ട്, യാത്രാരേഖകൾ, അമേരിക്കയിലേ ഗ്രീൻ കാർഡ് അല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ എന്തെങ്കിലും ഒന്നിന്റെ റസിഡന്റ് വീസ, ഫോട്ടോ എന്നിവ സഹിതമാണ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ എഫയേഴ്സിൻറെ വെബ് സൈറ്റ് വഴി അപേക്ഷിക്കേണ്ടത്. ഇതിന് 253 ദിർഹം ഫീസായി നൽകണം. മറ്റ് പ്രശ്നങ്ങൾ ഇല്ലെങ്കിൽ 48 മണിക്കൂറിനകം വീസ ഇമെയിൽ വഴി ലഭിക്കും. പാസ്പോർട്ടിന്റെ കാലാവധി ആറ് മാസത്തിൽ കുറവല്ലെന്ന് ഉറപ്പുവരുത്തണമെന്നും ജിഡിആർഎഫ്എ വ്യക്തമാക്കി.

പതിനാല് ദിവസത്തേക്കുള്ള സന്ദർശവീസയാണ് അനുവദിക്കുക. വീസകാലാവധി പതിനാല് ദിവസത്തേക്ക് കൂടി നീട്ടാം. ഒറ്റത്തവണത്തേക്ക് മാത്രമേ ഇത് അനുവദിക്കൂവെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി. എമിറേറ്റ്സ് എയർലൈനിൽ യാത്രചെയ്യുന്നവർക്ക് വിമാനക്കമ്പനി ഓൺ എറൈവൽ വീസ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ  പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജിഡിആർഎഫ്എയുടെ യുടെ സമ്പൂർണ്ണ വിവേചനാധികാരത്തിലായിരിക്കും വീസ ലഭ്യമാവുകയെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. അതേസമയം യുഎഇയിൽ സന്ദർശനവീസയിലെത്തുന്നവർ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് യാത്ര സുഗമമാക്കാൻ സഹായിക്കും. എയർലൈനുകൾ പരിശോധന കർശനമാക്കിയ പശ്ചാത്തലത്തിലാണ് ഇത്. യാത്രമാനദണ്ഡങ്ങൾ പാലിക്കാത്തെ യുഎഇയിലേക്ക് വരാൻ വിമാനത്താവളങ്ങളിൽ എത്തിയ പലരുടെ യാത്ര കഴിഞ്ഞ ദിവസങ്ങളിൽ മുടങ്ങിയിരുന്നു.

ENGLISH SUMMARY:

New guidelines from the UAE for on arrival visa. Residents with residency visas in places like the United States, Britain, and the European Union must first apply online.