TOPICS COVERED

 അടുത്ത വർഷം മുതൽ ദുബായിലെ സാലിക്ക്, പാർക്കിങ് നിരക്കുകളിൽ മാറ്റം വരുമെന്ന് വ്യക്തമാക്കി ആർടിഎ. തിരക്കുള്ള സമയങ്ങളിൽ ടോൾ നിരക്ക് കൂടും.  ട്രാഫിക് കുരുക്കൊഴിവാക്കി യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് നടപടി.  

അടുത്ത വർഷം ജനുവരി അവസാനം മുതൽ റോഡിലെ തിരക്കുള്ള സമയങ്ങൾക്ക് അനുസൃതമായി  ടോൾ നിരക്കിൽ മാറ്റം വരുത്താനാണ് തീരുമാനം. ഇത് അനുസരിച്ച് തിങ്കൾ മുതൽ ശനി വരെ രാവിലെ ആറ് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെയും ആറ് ദിർഹമായിരിക്കും ടോൾ നിരക്ക്. ഈ ദിവസങ്ങളിൽ  രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയും രാത്രി എട്ട് മുതൽ പുലർച്ചെ ഒരുമണി വരെയും നാല് ദിർഹം നൽകിയാൽ മതി.  അതേസമയം രാത്രി ഒരു മണി മുതൽ പുലർച്ചെ ആറ് വരെ ടോൾ നിരക്ക് ഈടാക്കില്ല. 

ഞായറാഴ്ചകളിൽ 4 ദിർഹമായിരിക്കും ഈടാക്കുകയെന്നും ആർ ടി എ അറിയിച്ചു. മാർച്ച് അവസാനം മുതൽ പാർക്കിങ് നിരക്കുകളിലും മാറ്റം വരുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രീമിയം പാർക്കിങ് നിരക്ക് മണിക്കൂറിന് ആറ് ദിർഹമായിരിക്കും. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിൽ പൊതുപാർക്കിങ് ഇടങ്ങളിൽ നാല് ദിർഹം നൽകണം. എന്നാൽ മറ്റ് സമയങ്ങളിൽ നിലവിലെ നിരക്ക് നൽകിയാൽ മതി. ഞായറാഴ്ചകളിൽ പാർക്കിങ് ഫീസ് സൗജന്യമായി തുടരും. ഇവന്റ് സോണുകളിലെ പാർക്കിങ് നിരക്ക് മണിക്കൂറിൽ 25 ദിർഹമായും കൂട്ടിയിട്ടുണ്ട്. ഫെബ്രുവരി മുതൽ ഇത് നടപ്പാക്കി തുടങ്ങും. വേൾഡ് ട്രേഡ് സെന്റർ പരിസരത്തായിരിക്കും ഇത് ആദ്യ പ്രാബല്യത്തിൽ വരികയെന്നും അധികൃതർ അറിയിച്ചു.

ENGLISH SUMMARY:

Changes are coming to Dubai Salik parking rates