മരണത്തിലേക്കാണ് ഇളംനീല കുപ്പായവും വശ്യമായ ചിരിയും നോട്ടവുമായി ടേൽസ് സൊവാറസ് റാംപ് വാക്ക് നടത്തിയത്. കരഘോഷങ്ങൾ പെട്ടെന്നാണ് കണ്ണീരായി മാറിയത്. ആഹ്ലാദത്തോടെ ആർപ്പുവിളിക്കുന്ന സദസിന് മുന്നിലേക്ക് ആത്മവിശ്വാസത്തോടെയാണ് ടേൽസ് നടന്നുവന്നത്. എന്നാൽ അപ്രതീക്ഷിതമായി ചെരുപ്പിന്റെ വള്ളിയിൽ തട്ടി ഇവർ നിലത്തേക്ക് വീഴുകയായിരുന്നു. പ്രമുഖ ബ്രസീലിയന്‍ മോഡൽ എഴുന്നേൽക്കുമെന്നാണ് കാണികൾ കരുതിയത്. പക്ഷേ ദാരുണാന്ത്യമാണ് സംഭവിച്ചത്. 

 

വീഴ്ച ഷോയുടെ ഭാഗമാണെന്നും ഇപ്പോൾ ചാടിയെഴുന്നേൽക്കുമെന്നും കരുതി കാഴ്ചക്കാർ കാത്തിരിക്കുമ്പോൾ, മോഡലിന്റെ വായിൽനിന്നു നുരയും പതയും വരാൻ തുടങ്ങി. ഉടൻതന്നെ, സ്ഥലത്തുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ ഓടിയെത്തി. ശനിയാഴ്ച നടന്ന ഫാഷൻ ഷോയിൽ, വേദിയുടെ അങ്ങേയറ്റം വരെയെത്തിയ ശേഷം തിരിയുമ്പോഴാണു ടേൽസ് (26) നിലത്തടിച്ചുവീണത്. 

 

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ടേൽസ് മരിച്ചിരുന്നു. മോഡലിന് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നെന്നും ലഹരിപദാർഥങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്നുമാണു മോഡലിങ് ഏജൻസി അറിയിച്ചത്. എന്നാൽ, വെജിറ്റേറിയനായിരുന്ന ടേൽസിന് ആവശ്യമായ ഭക്ഷണം ചടങ്ങിനിടെ ലഭ്യമാക്കിയില്ലെന്നുൾപ്പെടെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.